ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നു. വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്. അദ്ദേഹം ചികിത്സയിൽ കഴിയുന്ന ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയർ വൃത്തങ്ങൾ മെഡിക്കൽ ബുള്ളറ്റിനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സാധ്യമായ എല്ലാ വൈദ്യസഹായവും അദ്ദേഹത്തിന് നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
നേരിയ കോവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായം നൽകുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.
സെപ്റ്റംബർ എട്ടിന് അദ്ദേഹം കോവിഡ് രോഗമുക്തി നേടി. എന്നാൽ, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാൽ വെന്റിലേറ്റർ നീക്കിയിട്ടില്ലെന്ന് മകൻ എസ്.പി ചരൺ വ്യക്തമാക്കിയിരുന്നു. പിന്നീട് എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് സെപ്റ്റംബർ 19 ന് അദ്ദേഹത്തിന്റെ മകൻ അവകാശപ്പെട്ടിരുന്നു. അദ്ദേഹം വായിലൂടെ ഭക്ഷണം കഴിക്കാൻ തുടങ്ങിയെന്നും മകൻ അറിയിച്ചിരുന്നു. അതിവേഗം ആരോഗ്യം വീണ്ടെടുക്കുകയാണെന്നും എത്രയും വേഗം ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ്.ബി ചരൺ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും അദ്ദേഹത്തിന്‍റെ സ്ഥിതി ഗുരുതരമാവുകയായിരുന്നു.

