വൈറ്റ് വാഷ് മോഹം തകര്‍ന്ന് ഓസീസ്, തകർപ്പൻ തിരിച്ചുവരവുമായി ഇന്ത്യ

0

കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ടീം ഇന്ത്യ. 13 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തത്. ഇതോടെ ഏകദിന പരമ്പരയില്‍ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യാമെന്ന ഓസ്‌ട്രേലിയന്‍ മോഹമാണ് പൊലിഞ്ഞത്. ഇന്ത്യ ഉയര്‍ത്തിയ 303 റണ്‍സ് വിജയലക്ഷ്യത്തിന് മുമ്പില്‍ ഓസ്‌ട്രേലിയ 289 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ബൗളിംഗില്‍ ഇന്ത്യ നടത്തിയ മാറ്റങ്ങളാണ് വിജയത്തില്‍ നിര്‍ണ്ണായകമായത്. പേസ് ബൗളര്‍മാരായ ഷമിയ്ക്കും സൈനിയ്ക്കും വിശ്രമം അനുവദിച്ചപ്പോള്‍ പകരം ഷാര്‍ദുല്‍ താക്കൂറിനും നടരാജനും അവസരം ലഭിച്ചു. ഇതാദ്യമായാണ് നടരാജന്‍ ഇന്ത്യയ്ക്കായി പന്തെറിഞ്ഞത്.ഇന്ത്യയ്ക്കായി ഷാര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നടരാജനും ഭുംറയും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. ഓസ്‌ട്രേലിയക്കായി 59 (38) റണ്‍സെടുത്ത മാക്‌സ് വെല്ലിന്റേയും 75 (82) റണ്‍സെടുത്ത ഫിഞ്ചിന്റേയും ഇന്നിംഗ്‌സാണ് നിര്‍ണ്ണായകമായത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സാണ് നേടിയത്. 92 റണ്‍സെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യ ആണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. രവീന്ദ്ര ജഡേജ (66), വിരാട് കോലി (63) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ഓസ്‌ട്രേലിയക്കാതി ആഷ്ടന്‍ അഗാര്‍ 2 വിക്കറ്റ് വീഴ്ത്തി.