കോഴിക്കോട്: എല്ലാ വഴികളും അടഞ്ഞപ്പോഴുളള ഗതികേട് കൊണ്ടാണ് വിശ്വാസികള്‍ക്ക് അനുകൂലമായി സി.പി.എം നിലപാട് മാറ്റിയിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. എല്ലാ വഴികളും ആത്മീയതയിലേക്ക് എന്നതാണ് സി.പി.എമ്മിന്‍റെ ഇപ്പോഴത്തെ നിലപാട്. സംസ്ഥാന സെക്രട്ടറി തന്നെ വിശ്വാസികള്‍ക്ക് വേണ്ടി നിലപാട് മാറ്റുമ്പോള്‍ അത് ആശയപരമായ മാറ്റമായി താന്‍ കാണുന്നില്ല.
അത് ജനങ്ങള്‍ക്കിടയില്‍ പിടിച്ച് നില്‍ക്കാനുള്ള അവസാന വഴിയായിട്ടാണ് കാണുന്നത്. അല്ലെങ്കില്‍ സി.പി.എം ആത്മാര്‍ഥത തെളിയിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടിനോട് ഒരര്‍ഥത്തില്‍ വലിയൊരു വിഭാഗം അനുകൂലമായി ചിന്തിക്കുന്നുവെന്നതിന്‍റെ തെളിവാണ് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളുടെ തുറന്ന് പറച്ചില്‍. ഇതിനെ ശരിയായ രീതിയില്‍ കാണാന്‍ ശ്രമിക്കണം. ശശിതരൂരും, മനു അഭിഷേക് സിങ്‌വിയും, ജയറാം രമേശുമെല്ലാം സത്യം മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത ബി.ജെ.പി വിരുദ്ധത പറയുന്നവരാണ് പെട്ടെന്ന് ബി.ജെ.പിയിലേക്ക് എത്തുക. ചരിത്രം അങ്ങനെയാണ് നമുക്ക് നല്‍കിയ ഉദാഹരണം. എ.ഐ.സി.സി വക്താവ് പോലും ബി.ജെ.പിയിലേക്ക് വരുന്ന സാഹചര്യമുണ്ടായത് നമ്മള്‍ കണ്ടതാണ്. വരാന്‍ പോവുന്ന വലിയ മാറ്റത്തിന്‍റെ സൂചകമായിട്ട് മാത്രമാണ് ഇത്തരം കാര്യങ്ങളെ ബി.ജെ.പി കാണുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

