Wednesday, May 15, 2024
spot_img

ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പൈങ്കുനി ഉത്സവം; ഇന്ന് തൃകൊടിയേറ്റ്. ചരിത്രത്തില്‍ ആദ്യമായി പദ്മതീര്‍ത്ഥക്കുളത്തിലാണ് ഇത്തവണത്തെ ആറാട്ട് നടക്കുക

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവച്ച പൈങ്കുനി ഉത്സവത്തിന് ഇന്ന് തൃകൊടിയേറ്റോടെ തുടക്കമാകും. 18ന് പള്ളിവേട്ടയും 19ന് ആറാട്ടും നടത്തും. എന്നാൽ രാജഭരണകാലം മുതൽ ശംഖുംമുഖത്തേക്ക് നടത്തിയിരുന്ന പതിവ് ആറാട്ട് ഘോഷയാത്ര ഇക്കുറി ഉണ്ടാകില്ല. പദ്മതീർത്ഥക്കുളത്തിലാണ് ഇത്തവണ ആറാട്ട്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ 43 പേരെ മാത്രം ആറാട്ട് ചടങ്ങുകളിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം.

മാർച്ച് 30ന് ആരംഭിക്കേണ്ട പൈങ്കുനി ഉത്സവമാണ് മാറ്റിവച്ചത്. വർഷത്തിൽ രണ്ട് ഉത്സവങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ഇതിൽ അൽപ്പശി ഉത്സവം ഒക്ടോബർ 15ന് ആരംഭിക്കേണ്ടതാണ്. അതിന് മുൻപ് പൈങ്കുനി ഉത്സവം നടത്തണമെന്നും ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്താമെന്നും തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാട് കത്തെഴുതിയിരുന്നു. തുടർന്നാണ് പൈങ്കുനി ഉത്സവം ചടങ്ങുകളോടെ നടത്താനും ഒക്ടോബറിൽ വരുന്ന അൽപ്പശി ഉത്സവം രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് നീട്ടാനും തീരുമാനിച്ചത്.

ഓരോ ഉത്സവത്തിനുമൊപ്പം സമീപത്തെ നാലു ദേവസ്വങ്ങളിലെ ആറാട്ട് കൂടി ശംഖുംമുഖത്ത് നടക്കാറുണ്ട്. നിരവധി ഭക്തർ പങ്കെടുക്കുന്ന ഘോഷയാത്ര കടന്നു പോകാനായി തിരുവനന്തപുരം വിമാനത്താവളം തുറന്നു കൊടുക്കുന്ന അപൂർവതയും ഇവിടത്തെ ഉത്സവത്തിനുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി (മീനം) ഉത്സവം മുടങ്ങിയതിനെ തുടർന്ന് കൂടിയാറാട്ട് പതിവുള്ള മറ്റ് നാല് ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും മാറ്റിവച്ചിരുന്നു. പദ്മതീർത്ഥ കുളത്തിൽ ആറാട്ട് നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ശ്രീവരാഹം ഉൾപ്പെടെ നാലുക്ഷേത്രങ്ങളിലെ കൂടിയാറാട്ടും പദ്മതീർത്ഥത്തിൽ നടത്തും.

Related Articles

Latest Articles