Sunday, May 12, 2024
spot_img

സമ്പൂർണ്ണ ജൈവകൃഷി എന്ന ലക്ഷ്യം പാളി, രാസവള വിലക്ക് നീക്കി ശ്രീലങ്ക

ശ്രീലങ്ക: സമ്പൂർണ്ണ ജൈവകൃഷി എന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ട് രാസവളങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം ശ്രീലങ്ക പിൻവലിച്ചു. തേയില ഉത്പാദനത്തിലടക്കം 50 ശതമാനത്തോളം ഇടിവ് സംഭവിച്ച സാഹചര്യത്തിലാണ് നിരോധനം നീക്കിയത്. 2021 മെയ്യിലാണ് രാസവളങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

രാസവളങ്ങൾക്ക് നിരോധനം പ്രഖ്യാപിച്ചെങ്കിലും ജൈവവളങങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞില്ല. അതേസമയം ജൈവവളങ്ങൾ ലഭിക്കാതായതോടെ കാർഷിക മേഖല പ്രതിസന്ധിയിലായി. രാസവള നിരോധനം നിലനിൽക്കുമ്പോഴും ഇന്ത്യയിൽ നിന്ന് രാസവളങ്ങൾ ശ്രീലങ്കയിലേക്ക് കള്ളക്കടത്ത് നടത്തിയിരുന്നു. നിരോധനം നീക്കിയതോടെ ടൺ കണക്കിന് പൊട്ടാസ്യം ക്ലോറൈഡ് ലിത്വാനയിൽനിന്ന് കൊളംബോ തുറമുഖത്തെത്തിയിരുന്നു.

രാസവളം നിരോധിച്ചതോടെ അവശ്യ വസ്തുക്കളായ അരി, പഞ്ചസാര, ഉള്ളി എന്നിവയുടെ വില ദിനംപ്രതി വര്‍ധിക്കുകയായിരുന്നു. പഞ്ചസാര കിലോ 200 രൂപയാണ് മാര്‍ക്കറ്റ് വില എന്നത് ജനങ്ങളെ ദുരിതത്തിലാക്കി. മണ്ണെണ്ണ, എണ്ണ, പാചക വാതകം എല്ലാത്തിനും വിലകൂടി.
ഒക്ടോബറിലെ തേയില വിളവ് ലാഭം കാണില്ലെന്നും പരാജയപ്പെടുമെന്നും വിലയിരുത്തി.

കറുവപട്ട, കുരുമുളക്, റബ്ബര്‍, ഏലം, ജാതി, വെറ്റില, കൊക്കോ, വനില തുടങ്ങി ആവശ്യമായ എല്ലാ കയറ്റുമതി ഉത്പന്നങ്ങളേയും പ്രതിസന്ധി ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകരും വ്യാപാരികളും. ഈ സാഹചര്യത്തിലാണ് നിരോധനം നീക്കാൻ സർക്കാർ തീരുമാനം.

Related Articles

Latest Articles