Thursday, May 16, 2024
spot_img

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ച് പ്രസിഡന്റ് ഗോതബയ രാജപക്‌സെ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും ഭരണ പ്രതിസന്ധിയും കൊണ്ട് ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിച്ചു. ഏപ്രിൽ ഒന്നിന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിച്ചതായി കാണിച്ച് പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ഉത്തരവിറക്കി.

കടുത്ത സാമ്പത്തിക പ്രതിസന്ധയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. മാത്രമല്ല കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത പുതിയ ധനമന്ത്രി അലി സാബ്രി 24 മണിക്കൂർ തികയും മുൻപേ രാജിവെച്ചു. ശ്രീലങ്കയിൽ പ്രധാനമന്ത്രി ഒഴികെ 26 കാബിനറ്റ് മന്ത്രിമാരും ഞായറാഴ്ച രാജിവച്ചിരുന്നു. ഇതിൽ പ്രധാനമന്ത്രിയുടെ മകൻ നമൽ രാജപക്‌സെയും ഉൾപ്പെടുന്നു.

ശ്രീലങ്കയിൽ ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയ്ക്ക് കടുത്ത ക്ഷാമമാണ് ഇപ്പോഴും നേരിടുന്നത്. രാജ്യത്ത് ഊർജപ്രതിസന്ധിയും രൂക്ഷമാണ്. സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എന്നാൽ കർഫ്യൂവും അടിയന്തരാവസ്ഥയും വകവെക്കാതെ പ്രതിഷേധം തുടർന്നു.

ഇതേതുടർന്ന് രാജ്യമെമ്പാടും സൈന്യവും പൊലീസും നിലയുറപ്പിച്ചിരിക്കുകയാണ്. പ്രക്ഷോഭം അക്രമാസക്തമായതോടെ നിരവധി പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഇന്ന് പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. നിലവിൽ ഭൂരിപക്ഷമില്ലാത്തതിനാൽ അധികാരത്തിൽ തുടരാനുള‌ള ശ്രമങ്ങളുടെ ഭാഗമായി സർവകക്ഷി സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഇന്ന് പകലും ലങ്കയുടെ വിവിധ ഭാഗങ്ങളിൽ കനത്ത പ്രതിഷേധം തുടർന്നു. ഇതേതുടർന്ന് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും കൊളംബോ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. രാത്രിയും പ്രതിഷേധം തുടരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രധാന പട്ടണങ്ങളിൽ സുരക്ഷ ശക്തമാക്കി. സർവകക്ഷി സർക്കാർ ഉണ്ടാക്കി പ്രതിസന്ധി നേരിടാം എന്ന രജപക്സേമാരുടെ നിർദേശം പ്രതിപക്ഷ പാർട്ടികൾ തള്ളിക്കളഞ്ഞിരിക്കുകയാണ്.

Related Articles

Latest Articles