Sunday, May 19, 2024
spot_img

ശ്രീലങ്കയിൽ കലാപം രൂക്ഷം; അഞ്ചുപേർ കൊല്ലപ്പെട്ടു, 200 ലേറെ പേർക്ക് പരിക്ക്, പ്രധാനമന്ത്രിയടക്കം ഭരണപക്ഷ നേതാക്കളുടെ വീടുകൾക്ക് തീയിട്ട് പ്രതിഷേധക്കാർ

കൊളംബോ: പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചതിനെ തുടർന്ന് ശ്രീലങ്കയിൽ നടന്ന കലാപം രാജ്യത്തിന്റെ കൂടുതലിടങ്ങളിലേക്ക് നീങ്ങുന്നു. സംഘർഷത്തിൽ ഇതുവരെ അഞ്ചുപേർ കൊല്ലപ്പെട്ടു. 200 ലേറെ പേർക്ക് പരിക്കേറ്റു. കൂടാതെ പ്രധാനമന്ത്രിയടക്കമുള്ള ഭരണപക്ഷ നേതാക്കളുടെ വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. രജപക്‌സെ അനുയായികളുമായി പോയ മൂന്ന് ബസുകൾ പ്രതിഷേധക്കാർ ആക്രമിച്ച് തകർത്തു. കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദേശവ്യാപക കർഫ്യു നാളെ വരെ നീട്ടി.

കർഫ്യു പ്രഖ്യാപിച്ചിട്ടും ആയിരങ്ങൾ തെരുവിൽ തുടരുകയാണ്. പ്രസിഡന്‍റ് ഗോതബായ രജപക്സേയും രാജിവയ്ക്കണമെന്നാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ ആവശ്യം. രാജിവെച്ച മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടേയും കെഗല്ലയിൽ എംപി മഹിപാല ഹെറാത്തിന്റേയും വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു.

മുൻ മന്ത്രി നിമൽ ലൻസയുടെ വീടിനും എംപിയായ അരുന്ദിക ഫെർണാണ്ടോയുടെ വീടും പ്രതിഷേധക്കാർ തീയിട്ടു നശിപ്പിച്ചു. കൊളംബോയിലെ മൊറതുവാ മേയർ ലാൽ ഫെർണാണ്ടോയുടെ വീടിനും തീയിട്ടു. നിലവിൽ പോലീസും സമരക്കാരും തമ്മിലും അതിരൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് ശ്രീലങ്കയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Related Articles

Latest Articles