Thursday, January 8, 2026

സാമ്പത്തിക പ്രതിസന്ധിയിൽ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തം; ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജനങ്ങളുടെ സർക്കാർ വിരുദ്ധ പ്രക്ഷോപം രൂക്ഷമായതോടെയാണ് ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജ്പക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ സമരം നടക്കുന്നത്. ഇന്ന് അർധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരും.

കഴിഞ്ഞ മാസവും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പാർലമെന്റ് സമ്മേളനം 17 വരെ നിർത്തിവെക്കേണ്ട സാഹചര്യം വരെയുണ്ടായി. സർക്കാരിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സർക്കാർ നടപടി സ്വീകരിച്ചത്. വിദ്യാർത്ഥി സംഘടനകൾ ഇന്ന് പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് ലാത്തി വീശി.

അതേസമയം, ധനമന്ത്രി അലി സാബ്രി കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ വെളിപ്പെടുത്തൽ പ്രകാരം ലങ്കയുടെ കരുതൽ ധനശേഖരം 50 മില്യൺ ഡോളറിലും താഴെയാണ്. ഇനിയും അത് ഇടിഞ്ഞാൽ രാജ്യത്തെ നാണയപ്പെരുപ്പം കൂടുതൽ രൂക്ഷമാകും എന്ന് എസ്ജെബി എംപി ഹർഷ ഡിസിൽവ പറഞ്ഞു

അതേസമയം, ഇന്ത്യ ഇതുവരെ ലങ്കയ്ക്ക് നൽകിയത് അഞ്ച് ബില്യൺ ഡോളറിന്റെ ക്രെഡിറ്റ് ലൈൻ ആണ്. ലങ്കയ്‌ക്കുള്ള ധനസഹായങ്ങൾ തുടരുന്നതിന്റെ ഭാഗമായി ഇന്ത്യ 440,000 MT പെട്രോളിന്റെ ഒരു ഷിപ്പ്മെന്റ് കൂടി കൊളംബോ തുറമുഖത്തെത്തി. ചൈനയിൽ നിന്നും കൈപ്പറ്റിയ കടത്തെ റീസ്ട്രക്ച്ചർ ചെയ്യണം എന്ന ശ്രീലങ്കയുടെ അഭ്യർത്ഥന ചൈന നിരസിച്ചിരിക്കുകയാണ്.

Related Articles

Latest Articles