Sunday, June 2, 2024
spot_img

ശ്രീനിവാസൻ വധക്കേസ്; എന്‍ ഐ എ അന്വേഷണം റദ്ദാക്കണമെന്ന പ്രതികളുടെ ഹർജിയിൽ ഹൈക്കോടതി നിലപാട് എന്താകും? നിർണായക തീരുമാനം ഇന്ന്

പാലക്കാട്: ആര്‍.എസ്.എസ് കര്യകര്‍ത്താവായിരുന്ന ശ്രീനിവാസന്‍ വധക്കേസില്‍ എന്‍ ഐ എ അന്വേഷണം റദ്ദാക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളൊന്നും കേസില്‍ ഇല്ലെന്നാണ് പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നത്. എന്‍ ഐ എ നടപടി രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.

എന്‍ ഐ എയ്ക്ക് കേസ് കൈമാറിയ ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് പ്രതികളുടെ വാദം. കരമ അഷ്‌റഫ് മൗലവി അടക്കം കേസിലെ 10 പ്രതികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ തീരുമാനം ഇന്നുണ്ടായേക്കും. അന്തിമ കുറ്റപത്രം നല്‍കിയ കേസ് എന്‍.ഐ.എ ഏറ്റെടുത്തത് നിയമവിരുദ്ധമാണ്. സെഷന്‍സ് കോടതിയിലെ ഫയലുകള്‍ എന്‍.ഐ.എ കോടതിയിലേക്ക് മാറ്റിയതും ചട്ടപ്രകാരമല്ലെന്നും പ്രതികൾ വാദിക്കുന്നു.

പോപ്പുലര്‍ ഫ്രണ്ട് തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റില്‍ നിന്നാണ് ശ്രീനിവാസനെ വെട്ടിക്കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇക്കാരണത്താല്‍, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കാരണമായ സംഭവങ്ങളുടെ കൂട്ടത്തില്‍ ശ്രീനിവാസന്‍ വധക്കേസും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എന്‍ ഐ എ ഏറ്റെടുക്കാന്‍ നടപടികള്‍ തുടങ്ങിയത്. കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളടക്കം 42 പേരെ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയില്‍ വാങ്ങിയാണ് എന്‍ ഐ എ അന്വേഷണം തുടങ്ങിയത്. 2022 ഏപ്രില്‍ 16-നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് ഇരുചക്ര വാഹനങ്ങളിലായിയെത്തിയ ആറ് പേരാണ് അദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തിയത്.

Related Articles

Latest Articles