ജീവന്‍ പണയം വെച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍റെയും ഡിഎംകെ മന്ത്രിമാരുടെയും അഴിമതിയ്ക്കെതിരെ കുരിശുയുദ്ധം തുടരുകയാണ് തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. ഭാവിയിൽ തമിഴ്‌നാട്ടിൽ നിന്നും ഒരു പ്രധാനമന്ത്രിയുണ്ടാകുമെന്ന് കുറച്ചുദിവസങ്ങൾക്ക് മുൻപാണ് അമിത് ഷാ തമിഴ്നാട് സന്ദർശനവേളയിൽ പ്രഖ്യാപിച്ചത്. അമിത് ഷായുടെ ഈ പ്രഖ്യാപനത്തിലൂടെ എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞത് തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലയിലേക്കായിരുന്നു. ഇപ്പോഴിതാ അണ്ണാമലയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുകയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും.
കെ. അണ്ണാമലൈയ്‌ക്ക് ദേശീയ നേതാവാകാൻ കഴിയുമെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇപ്പോൾ പ്രശംസിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ തമിഴ്നാടിന്റെ മാത്രമല്ല, ഇന്ത്യയുടെ മുഴുവൻ നേതാവാകുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. മോദി സർക്കാരിന്റെ ഒമ്പത് വർഷം ആഘോഷിക്കാൻ ചെന്നൈ താംബരത്ത് നടന്ന ബിജെപി റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്. അവസാനമായി ഒരു കാര്യം കൂടി പറയട്ടെ, അണ്ണാമലൈ… ആരാണ് ഇപ്പോൾ നമ്മുടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ.. ഞാൻ വളരെക്കാലമായി രാഷ്‌ട്രീയത്തിലാണ്. എനിക്ക് വ്യക്തികളെ മനസ്സിലാക്കാൻ സാധിക്കും. സഹോദരങ്ങളെ…നിങ്ങളുടെ അണ്ണാമലൈയ്‌ക്ക് തമിഴകത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ മുഴുവൻ നേതാവായി മാറാൻ കഴിയുമെന്ന് എനിക്ക് പറയാൻ കഴിയുമെന്നാണ് രാജ്നാഥ് സിംഗ് വ്യക്തമാക്കിയത്. കൂടാതെ അണ്ണാമലൈയ്‌ക്ക് നിങ്ങളുടെ എല്ലാവരുടെയും പിന്തുണ നൽകണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും കേന്ദ്രസർക്കാർ നയങ്ങൾ നടപ്പിലാക്കാൻ അണ്ണാമലൈ വളരെയധികം പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങൾക്ക് അണ്ണാമലൈയെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
രാജ്‌നാഥ് സിംഗിന്റെ ഈ പ്രസ്താവനയിലൂടെ അമിത് ഷാ പറഞ്ഞ ഭാവിയിലെ തമിഴ്‌നാട്ടിൽ നിന്നുള്ള പ്രധാനമന്ത്രി കെ.അണ്ണാമലൈ ആണെന്നതിനുള്ള സൂചനയാണ് ലഭിക്കുന്നത്. കാരണം ദശകങ്ങളായി തമിഴകം കയ്യടക്കി വെച്ചിരിക്കുന്ന സ്റ്റാലിന്‍ കുടുംബത്തോടും ഡിഎംകെനേതാക്കളോടും നേരിട്ട് സത്യത്തിന്‍റെ പക്ഷത്ത് നിന്ന് ഏറ്റുമുട്ടുകയാണ് അണ്ണാമലൈ. കരുണാനിധി കുടുംബം മുഴുവന്‍ അഴിമതിയിലൂടെ മുഴുവന്‍ സ്വത്തും കയ്യടക്കിവെച്ചിരിക്കുന്നു എന്ന് വെട്ടിത്തുറന്ന് പറഞ്ഞുകൊണ്ട് അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ ഫയല്‍സ് എന്ന പേരിലുള്ള അഴിമതിക്കഥകള്‍ ആവേശത്തോടെയാണ് ജനം കണ്ടത്. കൂടാതെ സമൂഹമാധ്യമങ്ങളില്‍ അത് തരംഗമായി മാറുകയും ചെയ്തു. ദ്രാവിഡ രാഷ്ടീയം എന്നത് അധികാരം പിടിക്കാന്‍ മാത്രമുള്ള തന്ത്രമാണെന്നും അണ്ണാമലൈ തുറന്നടിക്കുന്നു. ഇതെല്ലാം തമിഴ്നാട്ടില്‍ സാധാരണക്കാര്‍ വരെ ചര്‍ച്ച ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്.

