Saturday, May 18, 2024
spot_img

കുഴല്‍മന്ദത്ത് കെഎസ്‌ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവം കൊലപാതകമോ? ബസ് ഡ്രൈവർ മനഃപൂർവ്വമുണ്ടാക്കിയ അപകടമെന്ന് മൊഴി

പാലക്കാട്: കുഴല്‍മന്ദത്ത് കെഎസ്‌ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച (Kuzhalmandam Bus Accident) സംഭവം കൊലപാതകമാണെന്ന് സംശയം. ബസ് ഡ്രൈവർ മനഃപൂർവ്വമുണ്ടാക്കിയ അപകടമെന്നാണ് മൊഴി. ബസിലുണ്ടായിരുന്ന ദൃക്സാക്ഷിയായ യാത്രക്കാരൻ ഒരു പ്രമുഖ മാധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം സംഭവത്തിൽ വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ ഔസേപ്പിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. നടന്നത് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന കുടുംബങ്ങളുടെ പരാതിയില്‍ ഡി സി ആര്‍ ബി സിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടരുന്നതിനിടെയാണ് നിര്‍ണായക മൊഴി പുറത്തുവരുന്നത്. കൂടുതല്‍ യാത്രക്കാരെ കണ്ടെത്തി മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്

ദൃക്‌സാക്ഷിയുടെ വാക്കുകൾ ഇങ്ങനെ:

“കെഎസ്ആര്‍ടി ഡ്രൈവര്‍ മന:പൂര്‍വ്വം അപകടമുണ്ടാക്കി. ബസ് അമിത വേഗതയിലായിരുന്നു. ബൈക്ക് യാത്രക്കാരെ മറികടക്കാനുള്ള തത്രപ്പാടായിരുന്നു ബസ് ഡ്രൈവര്‍ക്ക്. ബൈക്കിനെ മറികടക്കാന്‍ ഇടതുവശത്ത് സ്ഥലമുണ്ടായിട്ടും മന:പൂര്‍വ്വം ലോറിയോട് ചേര്‍ത്ത് ബസ്സടുപ്പിച്ചു.അങ്ങനെയാണ് അപകടമുണ്ടായത്.യാത്രയ്ക്കിടെ ബൈക്ക് യാത്രികര്‍ മുന്നില്‍ വേഗത്തില്‍ പോയി . ദേഷ്യം പിടിച്ച ബസ് ഡ്രൈവര്‍ അപകടമുണ്ടാക്കുകയായിരുന്നു. റോഡില്‍ പല രീതിയില്‍ പോകുന്നവരുണ്ടാവും. പക്ഷെ ഇങ്ങനെ പ്രതികാരം ചെയ്യാന്‍ തുടങ്ങിയാൽ എങ്ങനെയാണ്? ബസ് ഡ്രൈവര്‍ മന:പൂര്‍വ്വമുണ്ടാക്കിയ അപകടം ആയിരുന്നു അത്. സ്വന്തം മകന്‍ വികൃതി കാണിച്ചാല്‍ ആരും കൊല്ലാറില്ലല്ലോ ?മരണം ഒഴിവാക്കാമായിരുന്നു. പോറ്റിവളര്‍ത്തിയ മാതാപിതാക്കളുടെ വിഷമം കാണണ്ടേ? ” എന്നാണ് ഇയാൾ പറഞ്ഞത്.

ഇക്കഴിഞ്ഞ ഏഴാം തിയതി കുഴല്‍മന്ദത്തിനടുത്ത് വെള്ളപ്പാറയിലാണ് കെ എസ് ആർ ടി സി ബസിടിച്ച് കാവശേരി സ്വദേശി ആദര്‍ശ് മോഹനനും കാസർ‍ഗോഡ് സ്വദേശി സാബിത്തും മരിച്ചത്. സംഭവത്തിൽ യുവജന കമ്മീഷൻ തെളിവെടുപ്പ് നടത്തി. അപകടത്തിൽ മരിച്ച ആദർശിന്റെ വീട്ടിലെത്തി കുടുംബാഗംങ്ങളുടെ മൊഴിയെടുത്തു. ഡ്രൈവർക്ക് വീഴ്ച്ച പറ്റിയതായാണ് ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ പ്രാഥമികമായി മനസിലാക്കുന്നതെന്ന് കമ്മീഷൻ അംഗം അഡ്വ. ടി മഹേഷ് പറഞ്ഞു.

Related Articles

Latest Articles