തിരുവനന്തപുരം: പകുതിവില തട്ടിപ്പിൽ മുഖ്യപ്രതി അനന്തു കൃഷ്ണൻ പിടിയിലായെങ്കിലും പ്രധാന പ്രതിയെന്നു സംശയിക്കുന്ന സായിഗ്രാമം ആനന്ദകുമാറിനെ പോലീസ് തൊടാത്തതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമെന്ന് സൂചന. വിവിധ രാഷ്ട്രീയപ്പാർട്ടികളിൽ ആനന്ദകുമാറിന് വൻ രാഷ്ട്രീയ സ്വാധീനമുണ്ട്. ആനന്ദകുമാർ നിലവിൽ ഒളിവിലാണ്. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുമുണ്ട്. സാമ്പത്തിക കുറ്റകൃത്യക്കേസിൽ വ്യക്തമായ തെളിവ് ശേഖരണം നടക്കുകയാണെന്നും വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ അറസ്റ്റിനെ കുറിച്ച് ചിന്തിക്കുകയുള്ളു എന്നുമാണ് പോലീസ് ഭാഷ്യം.
അതേസമയം സംസ്ഥാന വ്യാപകമായി കുടുംബശ്രീ സംവിധാനങ്ങളെ തട്ടിപ്പുകാർ ദുരുപയോഗം ചെയ്‌തതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ, സിഡിഎസ് അദ്ധ്യക്ഷന്മാർക്ക് അയച്ച കത്തുകളടക്കം പുറത്തുവന്നിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ തന്നെ ജനങ്ങളെ തെറ്റിദ്ധരിക്കുന്ന രീതിയിൽ പദ്ധതികൾ അവതരിപ്പിച്ച് പണം തട്ടാൻ തട്ടിപ്പുകാർക്ക് കഴിഞ്ഞു. എന്നാൽ ഇങ്ങനെ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് വിപുലമായ സംവിധാനങ്ങളുള്ള കുടുംബശ്രീ ആസ്ഥാനം അറിഞ്ഞില്ലേ എന്ന ചോദ്യം ഉയരുകയാണ്.
കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയെങ്കിലും അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതേയുള്ളു. ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈം ബ്രാഞ്ചിലേയ്ക്ക് റീറെജിസ്ട്രേഷൻ ചെയ്യണം. നൂറുകണക്കിന് കേസുകൾ ഇതുവരെ ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഏറ്റവും കൂടുതൽ തുക ഉൾപ്പെടുന്ന 11 കേസുകൾ മാത്രമാണ് ക്രൈം ബ്രാഞ്ച് ഇതുവരെ രജിസ്റ്റർ ചെയ്‌തത്. കോട്ടയം, ആലപ്പുഴ, എറണാകുളം തുടങ്ങി മൂന്നു ജില്ലകൾ കേന്ദ്രീകരിച്ചായിരിക്കും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം. അതേസമയം അനന്തു കൃഷ്ണന്റെയും അടുത്തബന്ധുക്കളുടെയും വസ്തുവകകൾ കണ്ടുകെട്ടാനും നീക്കമുണ്ട്. കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇ ഡി യും ഇ സി ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

