മലപ്പുറം: കണ്ണൂരിൽ നഗ്നനായി നടന്ന് മോഷണം നടത്തിയ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി മറ്റൊരു മോഷണക്കേസില്‍ പിടിയില്‍.തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി മേലേത്ത് വീട്ടിൽ അബ്ദുൽ കബീർ (50)എന്ന വാട്ടർ മീറ്റർ കബീറാണ് പിടിയിലായത്.കഴിഞ്ഞ ദിവസം എടരിക്കോട് എം.എം വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സിൽ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
രാത്രികാലങ്ങളിൽ ആളില്ലാത്തവീടുകളും കടകളും കുത്തിത്തുറന്ന് പ്രദേശത്ത് പരമാവധി മോഷണം നടത്തുക എന്നതാണ് പ്രതിയുടെ രീതി. കണ്ണൂരിൽ നഗ്നനായി നടന്ന് മോഷണം നടത്തിയ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് മലപ്പുറത്ത് ഇയാള്‍ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കണ്ണൂരിലെ മോഷണത്തിന് സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം എടരിക്കോട്ട് നടത്തിയ മോഷണമാണ് കബീറിനെ കുടുക്കിയത്.

