മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്ത് ഇന്ത്യൻ ഓഹരി വിപണികൾ. മൂന്നു ദിവസം കൊണ്ട് രണ്ടായിരത്തിലേറെ പോയിന്റാണ് നഷ്ടം വ്യാഴാഴ്ച 634 പോയന്റാണ് നഷ്ടമായത്. സെൻസെക്സ് 59,465ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 181 പോയന്റ് താഴ്ന്ന് 17,757 നിലവാരത്തിലുമെത്തി. കടപ്പത്രങ്ങൾ ആദായ വര്ധനവിലൂടെ കൂടുതൽ ആകര്ഷകമായതും ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നതും വിപണിയുടെ പ്രകടനത്തെ ദോഷകരമായി ബാധിച്ചു. ബഡ്‌ജറ്റിനു മുന്നോടിയായുള്ള ലാഭമെടുക്കൽ കൂടിയായപ്പോൾ സൂചികകൾ താഴേക്ക് പതിച്ചു. അസംസ്‌കൃത എണ്ണവില ബാരലിന് 88 ഡോളര്‍ കടന്ന് ഏഴുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. ഒരുമാസത്തിനിടെയാണ് എണ്ണവിലയില്‍ ഈ കുതിപ്പ് രേഖപ്പെടുത്തിയത്. ആഗോളതലത്തില്‍ കടപ്പത്രങ്ങളിലെ ആദായംകൂടുന്നതിനാല്‍ റിസ്‌ക് കൂടിയ ആസ്തികളില്‍നിന്ന് നിക്ഷേപകരുടെ പിന്മാറ്റം പ്രകടമായിത്തുടങ്ങി.
അടുത്ത ദിവസങ്ങളിലും വിപണിയില്‍ തിരുത്തല്‍ തുടര്‍ന്നേക്കാം. ഉയര്‍ന്ന നിലവാരമുള്ള ഓഹരികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാകും ഈ സാഹചര്യത്തില്‍ ഉചിതം.

