Tuesday, May 21, 2024
spot_img

സ്റ്റോക്‌സിന്റെ പോരാട്ടം പാഴായി ; രണ്ടാം ആഷസ് ടെസ്റ്റും ഓസ്‌ട്രേലിയ സ്വന്തമാക്കി

ലണ്ടന്‍ : ബെൻസ്‌റ്റോക്‌സിന്റെ സെഞ്ചുറിക്കും ഇംഗ്ലീഷ് പടയെ രക്ഷിക്കാനായില്ല . ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് വിജയം. ഇത്തവണ ഇംഗ്ലണ്ടിനെ 43 റണ്‍സിനാണ് ഓസ്‌ട്രേലിയ കെട്ടുകെട്ടിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ട് 43 റണ്‍സിനകലെ 327 റണ്‍സിന് ഓള്‍ ഔട്ടായി.

നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരരാരംഭിച്ച ഇംഗ്ലണ്ടിനുവേണ്ടി വേണ്ടി മികച്ച തുടക്കമാണ് സ്‌റ്റോക്‌സും ബെന്‍ ഡക്കറ്റും ചേര്‍ന്ന് നല്‍കിയത്. എന്നാൽ ടീം സ്‌കോര്‍ 177-ല്‍ നിൽക്കെ 83 റണ്‍സെടുത്ത ഡക്കറ്റിനെ ഹെയ്‌സല്‍വുഡ് അലക്‌സ് ക്യാരിയുടെ കൈയ്യിലെത്തിച്ച് ഈ കൂട്ടുകെട്ട് പൊളിച്ചു. ഇതോടെ ഇംഗ്ലണ്ട് പതറി

ഡക്കറ്റിന് പകരം വന്ന ജോണി ബെയര്‍സ്‌റ്റോ 10 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ റണ്‍ ഔട്ടായത് കളിയുടെ ഗതി മാറ്റിമറിച്ചു. ഇതോടെ ഓസ്‌ട്രേലിയ മത്സരത്തിലേക്ക് തിരിച്ചു വന്നു .ഇതിനിടെ പിന്നാലെവന്ന ബ്രോഡിനെ കൂട്ടുപിടിച്ച് താരം സെഞ്ചുറി തികച്ചു.

ടീം സ്‌കോര്‍ 301-ല്‍ നില്‍ക്കേ ഹെയ്‌സല്‍വുഡിന്റെ പന്തില്‍ താരം ക്യാരിയ്ക്ക് ക്യാച്ച് സമ്മാനിച്ച് സ്‌റ്റോക്‌സ് പുറത്തായി. 214 പന്തുകളില്‍ നിന്ന് ഒന്‍പത് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 155 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. പിന്നാലെവന്ന ബ്രോഡ് (11), ഒലി റോബിന്‍സണ്‍ (1), ജോഷ് ടങ് (19) എന്നിവർ പൊരുതാതെ കീഴടങ്ങിയതോടെ കങ്കാരുക്കൾ മത്സരം സ്വന്തമാക്കി.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ മൂന്ന്‌ വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0 ന് മുന്നിലെത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ 416, 279. ഇംഗ്ലണ്ട്: 325, 327.

Related Articles

Latest Articles