എറണാകുളം: കുമ്പളത്ത് അഞ്ചു വയസുകാരിയെ തെരുവ് നായ ആക്രമിച്ചു. കുമ്പളം സ്വദേശി സുജിത്ത് – അമൃത ദമ്പതികളുടെ മകൾ ആത്മികയെയാണ് നായ കടിച്ചത്. സാരമായി പരിക്കേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വീടിന് സമീപം നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശി ഓടിയെത്തിയാണ് തെരുവ് നായയെ അടിച്ചോടിച്ചത്.
ഇന്നലെ ആലപ്പുഴയിലും വിദ്യാർത്ഥിതെരുവുനായ കടിച്ചിരുന്നു. എടത്വ സെയിന്റ് അലോഷ്യസ് സ്കൂൾ വിദ്യാർത്ഥിക്കാണ് നായയുടെ കടിയേറ്റത്. കാലിന് കടിയേറ്റ കുട്ടിയെ എടത്വ കുടുംബാരോഗ്യ കേന്ദ്രത്തിലും, തലവടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എത്തിച്ചെങ്കിലും വാക്സീൻ ഉണ്ടായിരുന്നില്ല.തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കൂടാതെ ഇന്നലെ തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ കയറിയ തെരുവ് നായ മുറിയില്‍ ഉറങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കടിച്ചു. കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. റോഡിനോട് ചേര്‍ന്നുള്ള അഭയയുടെ വീടിന്‍റെ കതക് അടച്ചിരുന്നില്ല. അച്ഛനും അമ്മയും വീടിന്‍റെ പിറക് വശത്ത് നിൽക്കുകയായിരുന്നു. ഈ സമയത്താണ് നായ വീടിനുള്ളിൽ കയറി കയ്യില്‍ കടിച്ച് പരിക്കേല്‍പിച്ചത്.

