Thursday, May 16, 2024
spot_img

മാനസിക പിരിമുറുക്കം എന്നത് മോശം പെരുമാറ്റത്തിനുള്ള ലൈസന്‍സ് അല്ല ! ആലത്തൂരില്‍ അഭിഭാഷകനെ സബ് ഇൻസ്‌പെക്ടർ അധിക്ഷേപിച്ചതിൽ പോലീസിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി; നിരുപാധികം മാപ്പ് പറയാന്‍ തയ്യാറാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ

കൊച്ചി : ആലത്തൂരില്‍ അഭിഭാഷകനെ സബ് ഇൻസ്‌പെക്ടർ അധിക്ഷേപിച്ച സംഭവത്തില്‍ പോലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. 1965-ന് ശേഷം പലതവണയായി നിരവധി സര്‍ക്കുലറുകള്‍ പോലീസുകാരുടെ പെരുമാറ്റം നന്നാക്കുന്നതിനായി ഇറക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി എന്നിട്ടും ഉദ്യോഗസ്ഥര്‍ പാഠംപഠിച്ചില്ലേ എന്ന് തുറന്നടിച്ചു. കേസിൽ ഡിജിപി ഹാജരായ വേളയിലായിരുന്നു പോലീസിനെതിരെ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.

നടപടി സ്വീകരിച്ചതിന്റെ റിപ്പോര്‍ട്ടും ഇതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും വിശദീകരിക്കാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ഇത് വിശദീകരിക്കവെ, മാനസിക പിരിമുറുക്കം പലപ്പോഴും പോലീസുകാരുടെ മോശം പെരുമാറ്റത്തിന് കാരണമാകാറുണ്ടെന്ന് ഡിജിപി പറഞ്ഞപ്പോൾ തെരുവില്‍ ജോലി ചെയ്യുന്നവര്‍ക്കും മാനസിക പിരിമുറുക്കം ഉണ്ടാകാറുണ്ടെന്നും മാനസിക പിരിമുറുക്കം എന്നത് മോശം പെരുമാറ്റത്തിനുള്ള ലൈസന്‍സ് അല്ലെന്നുമായിരുന്നു കോടതിയുടെ മറുപടി. കഴിഞ്ഞദിവസം പുറത്തിറക്കിയത് ഈ വിഷയത്തിലെ അവസാനത്തെ സര്‍ക്കുലറായിരിക്കണമെന്നും പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥരുടെ യോഗംവിളിക്കുമെന്നും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ആലത്തൂരില്‍ അഭിഭാഷകനോട് മോശമായി സംസാരിച്ച എസ്ഐ. വിആര്‍. റെനീഷിനെ സ്ഥലം മാറ്റിയിട്ടുണ്ടെന്നും ഡിജിപി കോടതിയെ അറിയിച്ചു.സംഭവത്തില്‍ നിരുപാധികം മാപ്പ് പറയാന്‍ തയ്യാറാണെന്ന് റെനീഷ് സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles