Saturday, September 19, 2026

സഭാനേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ; ക്രിസ്തീയ പുരോഹിതനെ കുറ്റവിചാരണ ചെയ്യാന്‍ പ്രത്യേക സഭാകോടതി രൂപീകരിച്ച് താമരശേരി രൂപത ; ക്രൈസ്തവ സഭകളിൽ കേട്ടുകേൾവിയില്ലാത്ത സംഭവമെന്ന് ഫാ. തോമസ് അജി പുതിയപറമ്പിൽ

കോഴിക്കോട്: സിറോ മലബാര്‍ സഭാനേതൃത്വത്തെ രൂക്ഷമായി വിമർശിക്കുകയും അതിനുശേഷം ശുശ്രൂഷ ദൗത്യം ഉപേക്ഷിച്ച ക്രിസ്തീയ പുരോഹിതനെ കുറ്റവിചാരണ ചെയ്യാൻ പ്രത്യേക സഭാകോടതി രൂപീകരിച്ച് താമരശേരി രൂപത. ഫാ. തോമസ് അജി പുതിയപറമ്പിലിനെ വിചാരണ ചെയ്യുവാനാണ് താമരശ്ശേരി രൂപതാ അധ്യക്ഷൻ റെമിജിയോസ് ഇഞ്ചിനാനിയിൽ പ്രത്യേക സഭാകോടതി രൂപീകരിച്ച് അസാധാരണ സർക്കുലർ ഇറക്കിയത്.

വിശ്വാസികളോട് കലാപത്തിന് ആഹ്വാനം ചെയ്തു, സീറോ മലബാർ സഭാ സിനഡ് തീരുമാനത്തെ ചോദ്യം ചെയ്തു എന്നതടക്കം നാലു കുറ്റങ്ങളാണ് ഫാദർ അജി പുതിയപറമ്പിലിനെതിരെ ചുമത്തിയിരിക്കുന്നത്. ഫാ. ബെന്നി മുണ്ടനാട്ട് അധ്യക്ഷനാകുന്ന വിചാരണ കോടതിയിൽ ഫാ. ജെയിംസ് കല്ലിങ്കൽ, ഫാ. ആന്റണി വരകിൽ എന്നിവരാണ് സഹ ജഡ്ജിമാർ.

അതേസമയം, ക്രൈസ്തവ സഭകളിൽ കേട്ടുകേൾവിയില്ലാത്തതാണ് പ്രത്യേക സഭാകോടതിയെന്നും സഭയിലെ അഴിമതിയും ജീർണതയും തുറന്നുകാണിച്ചതിനാണ് തനിക്കെതിരെ നടപടി എടുത്തതെന്നും ഫാ. തോമസ് അജി പുതിയപറമ്പിൽ ആരോപിച്ചു. സഭയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെയും നിയമനങ്ങളിലെ കോഴവാങ്ങലിനെയും എതിർത്ത തന്നെ പുറത്താക്കാനാണ് വിചാരണ കോടതി സ്ഥാപിച്ചതെന്നും ഫാ. അജി പുതിയപറമ്പിൽ പറഞ്ഞു.

Related Articles

Latest Articles