ദില്ലി : അനുമതിയില്ലാതെ കാമ്പസ് സന്ദർശിക്കരുതെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകാൻ ദില്ലി യൂണിവേഴ്സിറ്റി അധികൃതർ തീരുമാനിച്ചു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാർത്ഥികളെ അനുമതിയില്ലാതെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് നീക്കം.
അനുമതിയില്ലാത്ത സന്ദര്‍ശനം വിദ്യാർത്ഥികളുടെ സുരക്ഷ അപകടത്തിലാക്കുമെന്നും അതിനാൽത്തന്നെ കൂടിക്കാഴ്ചകള്‍ക്ക് യൂണിവേഴ്സിറ്റി നിഷ്കർഷിക്കുന്ന പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ടെന്നും സര്‍വകലാശാല രാഹുലിനെ അറിയിക്കും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുല്‍ഗാന്ധി ദില്ലി യൂണിവേഴ്‌സിറ്റിയുടെ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ചെയ്യുന്ന ആൺകുട്ടികളുടെ ഹോസ്റ്റല്‍ സന്ദര്‍ശിച്ചത്. ഇതിനെതിരെ സര്‍വകലാശാല കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. രാഹുലിന്റെ സന്ദര്‍ശനം നിരവധി കുട്ടികളുടെ ഉച്ചഭക്ഷണം തടസ്സപ്പെടുത്തിയെന്നും ഗുരുതരമായ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തിയെന്നും സര്‍വകലാശാല അറിയിച്ചു. പെട്ടെന്നുണ്ടായ ഈ സംഭവം നിരവധി അന്തേവാസികള്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനെ തടസ്സപ്പെടുത്തി. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍വകലാശാല അധികൃതര്‍ സ്വീകരിക്കുമെന്നും ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കിയിരുന്നു.

