തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയെക്കുറിച്ച് പാർട്ടിയോടും ജനങ്ങളോടും കള്ളം പറഞ്ഞ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനത്തു തുടരാൻ അര്ഹനല്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. സിപിഎം സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിന് ധാർമികമായിട്ടുള്ള അർഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയണമെന്നും വി എം സുധീരൻ വ്യക്തമാക്കി.
മകന് എതിരെ ഉയർന്ന ആരോപണത്തിൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടി നേതൃത്വത്തോട് രാജി സന്നദ്ധത പ്രകടിപ്പിച്ചതായുള്ള പ്രചാരണം നാടകം ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. കോടിയേരിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് പാർട്ടി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

