മലയാളികൾ എന്നും കാണാൻ ഇഷ്ടപ്പടുന്ന ഒരു ചിത്രമാണ് ‘സമ്മർ ഇൻ ബത്‌ലഹേം’. 1998ലാണ് ചിത്രം പുറത്തിറങ്ങുന്നത്. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രമിറങ്ങി 24 വർഷം പിന്നിടുമ്പോൾ ആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.
മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് നിര്‍മ്മാതാവ് സിയാദ് കോക്കർ സമ്മര്‍ ഇന്‍ ബത്‌ലേഹിമിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

