തിരുവനന്തപുരം : കടുത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുകയാണ്. സൂര്യാഘാതം സംബന്ധിച്ച ജാഗ്രതാ നിര്‍ദേശം സര്‍ക്കാര്‍ നാലു ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ താപനില നിലവിലെ ഊഷ്മാവില്‍ നിന്നും നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില വര്‍ധിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട്, കോട്ടയം പാലക്കാട് ജില്ലകളിലാണ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇവിടെ മൂന്നു മുതല്‍ നാലു വരെ ഡിഗ്രി താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

എറണാകുളം, തിരുവനന്തപുരം, കാസര്‍കോട്, കൊല്ലം, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നുവരെ ഡിഗ്രി താപനില വര്‍ധിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത് തന്നെ വേനല്‍മഴ ലഭിക്കാന്‍ സാധ്യതയില്ലാത്തത്തിനാല്‍ കടുത്ത ചൂട് തുടരുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. സൂര്യാഘാതത്തില്‍ കഴിഞ്ഞദിവസം സംസ്ഥാനത്ത് മൂന്നുപേരാണ് മരിച്ചത്. കൊടുംചൂടില്‍ 118 പേര്‍ക്ക് പൊള്ളലേറ്റു. സൂര്യാഘാത മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ക്കും, തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

കേരളത്തില്‍ രേഖപ്പെടുത്തുന്ന കൂടിയ ചൂട് ഇപ്പോഴും 40 ഡിഗ്രിക്കു താഴെയാണെങ്കിലും, ചൂടിന്റെ തീവ്രതയായ താപസൂചിക 50 ഡിഗ്രിക്കു മുകളിലാണ്. പാലക്കാട് ഉള്‍പ്പെടെ വടക്കന്‍ മേഖലയിലാണ് തീവ്രത 50നു മുകളിലെത്തിയത്. തെക്കന്‍ കേരളത്തില്‍ തീവ്രത 45നു മുകളിലാണ്. വായുപ്രവാഹത്തിലെ ചൂടും അന്തരീക്ഷത്തിലെ ആര്‍ദ്രത ഉയര്‍ന്നതുമാണു തീവ്രത വര്‍ധിക്കാന്‍ ഇടയാക്കിയത്. 45നു മുകളില്‍ താപസൂചിക ഉയര്‍ന്നാല്‍ അപകടകരമാണെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.