Saturday, May 18, 2024
spot_img

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഒരു മരണം കൂടി !കോഴിക്കോട് ചികിത്സയിലായിരുന്ന പെയിന്റിങ് തൊഴിലാളി മരിച്ചു !

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. ചികിത്സയിലായിരുന്ന പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ വിജേഷ് ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഇന്ന് രാവിലെ മരിച്ചു.

ഇന്ന് രാവിലെ സൂര്യാഘാതമേറ്റ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഹനീഫ മരിച്ചിരുന്നു. കല്‍പ്പണിക്കാരനായ ഹനീഫ ബുധനാഴ്ച ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കേ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.

അതേസമയം ഉഷ്ണതരംഗ സാധ്യതയെത്തുടര്‍ന്ന് തിങ്കളാഴ്ച വരെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ തീരുമാനിച്ചു. ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്.

സ്‌കൂള്‍ വിദ്യാർത്ഥികളുടെ അവധിക്കാല ക്ലാസുകള്‍ 11 മണിമുതല്‍ മൂന്നുമണിവരെയുള്ള സമയത്ത് നടത്തരുത്. പോലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എന്‍.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഇത് കൂടാതെ നിര്‍മ്മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യതൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവർ ഇതിനനുസരിച്ച് ജോലിസമയം ക്രമീകരിക്കണമെന്നും യോഗത്തിൽ നിർദേശമുണ്ടായി.

Related Articles

Latest Articles