Friday, May 3, 2024
spot_img

ടീമുകൾക്ക് അടിസ്ഥാനസൗകര്യമൊരുക്കാതെ സൂപ്പർകപ്പ് അധികൃതർ; രൂക്ഷ വിമർശനവുമായി സ്റ്റീഫൻ കോൺസ്റ്റന്റൈൻ

മലപ്പുറം : സൂപ്പർ കപ്പിനെത്തുന്ന ടീമുകൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനെയും ആസൂത്രണമില്ലായ്മയെയും രൂക്ഷഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ പരിശീലകനും നിലവിൽ ഈസ്റ്റ് ബംഗാളിന്റെ പരിശീലകനുമായ സ്റ്റീഫൻ കോൺസ്റ്റന്റൈൻ. ടീമിന്റെ പരിശീലനത്തിനായി ഇന്നലെ രാത്രി 7ന് കോട്ടപ്പടി സ്റ്റേഡിയത്തിലെത്തിയതായിരുന്നു അദ്ദേഹം.

‘‌‘സൂപ്പർ കപ്പു പോലുള്ള ടൂർണമെന്റിന്റെ പരിശീലന മൈതാനത്ത് ഈ വെളിച്ചം മതിയോ? ഈ മങ്ങിയ വെളിച്ചത്തിൽ കളിച്ച് എന്റെ ടീം അംഗങ്ങളിലാർക്കെങ്കിലും പരിക്കേറ്റാൽ ആരു സമാധാനം പറയും. ഒരു ലൈൻ പോലും ഈ മൈതാനത്തു മാർക്ക് ചെയ്തിട്ടില്ല. മൈതാനത്തിൽ ഒരു ലൈൻ വരയ്ക്കാൻ പോലും സംവിധാനമില്ലെന്നു പറയരുത്. 8 ടീമുകൾക്ക് ഒരു പരിശീലന മൈതാനം മാത്രം. ഇതാണോ ഈ ടൂർണമെന്റിന്റെ നിലവാരം. നിങ്ങൾ ഒരാളെ വീട്ടിലേക്കു ഭക്ഷണത്തിനു ക്ഷണിക്കുകയാണെങ്കിൽ വീട്ടിൽ ഭക്ഷണമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ ചുമതലയാണ്. 5 മിനിറ്റ് പത്രസമ്മേളനത്തിനായി എനിക്ക് ഇന്നലെ കോഴിക്കോട്ടേക്കും തിരിച്ചു പുലാമന്തോളിലുള്ള ടീമിന്റെ താമസസ്ഥലത്തേക്കുമായി മണിക്കൂറുകൾ യാത്രചെയ്യേണ്ടി വന്നു. ഒരു കുപ്പി വെള്ളം പോലും കോഴിക്കോട്ട് പത്രസമ്മേളനത്തിനെത്തിയ ഞങ്ങൾക്കായി അവിടെ ഒരുക്കിയിരുന്നില്ല. ഇത്രയും ദൂരം യാത്ര വേണ്ടിയിരുന്നോ? കളി നടക്കുന്ന മഞ്ചേരിയിൽത്തന്നെ പത്രസമ്മേളനം നടത്താമായിരുന്നില്ലേ. ഇപ്പോൾ പരിശീലനത്തിനെത്തിയപ്പോൾ മൈതാനത്തിന്റെ സ്ഥിതി ഇതാണ്. ലോക്കൽ ഫുട്ബോൾ അസോസിയേഷന്റെ ആരും ഇവിടെയില്ലാത്തതെന്താണ്. ഞാൻ പല രാജ്യങ്ങളിൽ ഫുട്ബോൾ ടൂർണമെന്റുകൾക്കു പോയിട്ടുണ്ട്. ഇതുപോലെ മോശം അനുഭവം ഇതുവരെയുണ്ടായിട്ടില്ല’’-കോൺസ്റ്റൻന്റൈൻ പറഞ്ഞു.‌

ഇന്ന് രാത്രി 8.30ന് പയ്യനാട് സ്റ്റേഡിയത്തിൽ ഒഡീഷ എഫ്സിയെയാണ് ഈസ്റ്റ് ബംഗാൾ നേരിടുക. സൂപ്പർ കപ്പിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനെച്ചൊല്ലി പല ടീമുകളും പരാതിയുമായി നേരത്തെ രംഗത്ത് വന്നിരുന്നു. ടീമുകൾ പരിശീലനം നടത്തുന്ന മൈതാനത്തിനു പുറത്ത് തയ്യാറാക്കി നിർത്തേണ്ട ആംബുലൻസും ഇന്നലെ ഈസ്റ്റ് ബംഗാൾ പരിശീലനം നടത്തുന്ന സമയത്ത് പുറത്തുണ്ടായിരുന്നില്ല.

Related Articles

Latest Articles