Tuesday, April 30, 2024
spot_img

കഷ്ടകാലം മാറാതെ മുംബൈ; ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കണം

മുംബൈ ∙ സ്വന്തം കാണികളുടെ മുന്നിലും വിജയ മധുരം രുചിക്കാനാകാതെ മുംബൈ ഇന്ത്യൻസ്. വെറ്ററൻ താരം അജിങ്ക്യ രഹാനെ പതിവു പ്രതിരോധ ശൈലി മറന്ന് തകർപ്പൻ ബാറ്റിങ്ങുമായി കത്തി കയറിയതോടെയാണ് മുംബൈക്ക് വിജയം അപ്രാപ്യമായത്. ഫലം ഐപിഎലിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന മുംബൈ–ചെന്നൈ ഗ്ലാമർ പോരാട്ടത്തിൽ ചെന്നൈയ്ക്ക് 7 വിക്കറ്റ് വിജയം.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 158 റൺസ് എന്ന സാമാന്യം ഭേദപ്പെട്ട വിജയലക്ഷ്യം ചെന്നൈ 18.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. രഹാനെ 27 പന്തിൽ 61 റൺസ് നേടി ചെന്നൈ വിജയത്തിന്റെ നട്ടെല്ലായി. ഋതുരാജ് ഗെയ്ക്‌വാദ് 40 റൺസ് നേടി പുറത്താകാതെ നിന്നു. 3 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും 2 വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സാന്റ്നർ, തുഷാർ ദേശ്പാണ്ഡെ എന്നിവരുമാണ് ചെന്നൈയ്ക്കായി ബൗളിങ്ങിൽ തിളങ്ങിയത്.

158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്കു സ്കോർബോർഡ് തുറക്കും മുൻപേ ഡെവൺ കോൺവേയുടെ വിക്കറ്റ് നഷ്ടമായെങ്കിലും രഹാനെ ടീമിന്റെ പ്രതീക്ഷകൾ ചുമലിലേറ്റുകയായിരുന്നു. മുംബൈ പേസർ അർഷദ് ഖാൻ എറിഞ്ഞ ഒരോവറിൽ ഒരു സിക്സും 4 ഫോറും ഉൾപ്പെടെ 23 റൺസ് നേടി കൊടുങ്കാറ്റായ രഹാനെ 19 പന്തിൽ അർധ സെഞ്ചറി തികച്ചു. ഐപിഎലിൽ 2020ന് ശേഷം രഹാനെയുടെ ആദ്യ അർധ സെഞ്ചുറിയാണിത്. ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത ഗെയ്ക്‌വാദിനെ കാഴ്ചക്കാരനാക്കി നിർത്തിയായിരുന്നു രഹാനെയുടെ പ്രകടനം. 8–ാം ഓവറിൽ രഹാനെ പുറത്താകുമ്പോൾ ചെന്നൈ ഏറെക്കുറെ ജയം ഉറപ്പിച്ചിരുന്നു. 7 ഫോറും 3 സിക്സും രഹാനെ നേടി. ശിവം ദുബെ (28) 15–ാം ഓവറിൽ പുറത്തായെങ്കിലും അമ്പാട്ടി റായുഡുവും (20) ഗെയ്ക്‌വാദും ചേർന്ന് ചെന്നൈയെ ജയത്തിലെത്തിച്ചു.

Related Articles

Latest Articles