Saturday, April 27, 2024
spot_img

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കാണാന്‍ മാത്രം നടന്‍ ദിലീപിന് അനുമതി

ദില്ലി: നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ലഭിക്കില്ല. ഹര്‍ജി തള്ളി. ദൃശ്യങ്ങള്‍ കാണാന്‍ മാത്രം ദിലീപിന് സുപ്രീംകോടതി അനുമതി നല്‍കി. ഇക്കാര്യത്തില്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇരയുടെ സ്വകാര്യത പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി.

എന്നാല്‍ മെമ്മറി കാര്‍ഡ് കുറ്റകൃത്യത്തിന് ഉപയോഗിച്ച വസ്തുവാണ്. ഇതിനെ തൊണ്ടിമുതലായി മാത്രമേ കാണാനാകൂ എന്നതായിരുന്ന സര്‍ക്കാരിന്റെ ആദ്യത്തെ നിലപാട്. മെമ്മറി കാര്‍ഡ് തൊണ്ടിമുതലും അതിലെ ദൃശ്യങ്ങള്‍ രേഖയുമാണെന്ന് വാദത്തിനിടെ സര്‍ക്കാര്‍ നിലപാട് മാറ്റിയത് ദിലീപിന് അനുകൂലഘടകമായിരുന്നു.

കൊച്ചിയില്‍ നടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയതിന്റെ ദൃശ്യങ്ങളുടെ ഒറിജിനല്‍ പകര്‍പ്പ് നല്‍കണമെന്നതായിരുന്നു പ്രതി ദിലീപിന്റെ ആവശ്യം. ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ട്. അത് തെളിയിക്കാന്‍ പകര്‍പ്പ് അത്യാവശ്യമാണ്. ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും ക്രിമിനല്‍ നടപടിച്ചട്ടം 207 പ്രകാരം പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നും ദിലീപ് വാദിച്ചിരുന്നു.

അതേസമയം ദൃശ്യങ്ങളുടെ സ്വഭാവവും, ഇരയായ നടിയുടെ സ്വകാര്യത, അഭിമാനം തുടങ്ങിയ പരിഗണിച്ചും ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. ദൃശ്യങ്ങള്‍ കണ്ട് പരിശോധിക്കാന്‍ പ്രതിക്ക് നേരത്തെ അവസരം നല്‍കിയിരുന്നു. ആവശ്യമാണെങ്കില്‍ ഇനിയും കണ്ട് പരിശോധിക്കാന്‍ തയ്യാറാകണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

നടിയുടെ വാദം ഇങ്ങനെയായിരുന്നു: തന്റെ സ്വകാര്യതയ്ക്കും അഭിമാനത്തിനും പരിഗണന നല്‍കി ദിലീപിന്റെ ആവശ്യം തള്ളണം. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. അതുപ്രകാരം ഇരയുടെ എഡന്റിറ്റി ഉള്‍ക്കൊള്ളുന്ന ദൃശ്യങ്ങള്‍ പ്രതിക്ക് തന്നെ നല്‍കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും നടി വാദിച്ചു.

Related Articles

Latest Articles