Wednesday, December 24, 2025

നിറ ചിരിയുമായി സത്യൻ അന്തിക്കാടിനൊപ്പം സുരേഷ് ​ഗോപി; പുതിയ ചിത്രം എത്തുന്നു ?

മലയാള സിനിമയുടെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിൽ സജീവമാവുന്ന നടന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം ആക്ഷൻ സ്റ്റാറായാണ് താരം തിരിച്ചുവരവ്. നടത്തിയത്. അഭിനേതാവെന്നതിന് പുറമെ നല്ലൊരു ​ഗായകനാണെന്നും പലപ്പോഴും സുരേഷ് ​ഗോപി തെളിയിച്ചിട്ടുണ്ട്.

മലയാളത്തിന്റെ സ്വന്തം ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന പാപ്പൻ ആണ് സുരേഷ് ​ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ അപ്ഡേറ്റുകൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഈ അവസരത്തിൽ നടൻ ഫേസ്ബുക്കിൽ പങ്കുവച്ചൊരു ചിത്രമാണ് ശ്രദ്ധനേടുന്നത്.

മലയാളത്തിൽ നിരവധി പ്രിയ ചിത്രങ്ങൾ സമ്മാനിച്ച, താരങ്ങളെ സമ്മാനിച്ച സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പമുള്ള ഫോട്ടോയാണ് സുരേഷ് ​ഗോപി പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ചോദ്യങ്ങളുമായി ആരാധകരും രം​ഗത്തെത്തി. അടുത്ത ചിത്രം വരുന്നുണ്ടോ എന്നാണ് ഭൂരിഭാ​ഗം പേരുടെയും സംശയം. ചിത്രം പങ്കുവെച്ചതിനു പിന്നാലെ ‘സത്യേട്ടന്റെ കൂടെ ഒരു സിനിമ പ്രതീക്ഷിക്കുന്നു, നന്മകൾ നിറഞ്ഞൊരു സിനിമ സത്യൻ അന്തിക്കാടിനൊപ്പം പ്രതീക്ഷിക്കുന്നു. പുതിയ പടം സത്യനൊപ്പമാണോ? എങ്കിൽ പൊളിക്കും’, എന്നൊക്കെയാണ് ഓരോരുത്തരും കമന്റ് ചെയ്യുന്നത്.

‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് പാപ്പന്. മാത്രമല്ല സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. ലേലം, വാഴുന്നോർ, പത്രം തുടങ്ങി മലയാളത്തിന് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജോഷി-സുരേഷ്ഗോപി കൂട്ടുകെട്ട് ആവേശമാകുകയാണ് ആരാധകർ.

ചിത്രത്തില്‍ ‘മാത്യൂസ് പാപ്പന്‍ ഐപിഎസ്’ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം സുരേഷ് ​ഗോപി വീണ്ടും പോലീസ് വേഷത്തിൽ പ്രേക്ഷകരിലേക്കെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് പാപ്പൻ. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇഫാര്‍ മീഡിയ കൂടി നിര്‍മ്മാണ പങ്കാളികളാവുന്നുണ്ട്. സിനിമയിൽ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയ താരനിര അണിനിരക്കുന്നുണ്ട്.

Related Articles

Latest Articles