Thursday, May 16, 2024
spot_img

കുടുംബസമേതം ലൂർദ് കത്തീഡ്രൽ ദേവാലയം സന്ദർശിച്ച് സുരേഷ് ഗോപി ! മാതാവിന് സ്വർണക്കിരീടം സമർപ്പിച്ചു !

തൃശൂർ :കുടുംബസമേതം ലൂർദ് കത്തീഡ്രൽ ദേവാലയം സന്ദർശിച്ച് മാതാവിന്റെ രൂപത്തിൽ സ്വർണക്കിരീടം സമർപ്പിച്ച് നടനും മുൻ രാജ്യസഭാംഗവും ബിജെപി നേതാവുമായ സുരേഷ് ഗോപി. ലൂർദ് കത്തീഡ്രൽ തിരുനാളിന് പള്ളിയിലെത്തിയപ്പോൾ സ്വർണക്കിരീടം സമർപ്പിക്കാമെന്ന് സുരേഷ് ഗോപി അധികൃതരെ അറിയിച്ചിരുന്നു. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വർണത്തിൽ പൊതിഞ്ഞ കിരീടമാണ് മകൾ ഭാഗ്യയുടെ വിവാഹത്തിനു മുന്നോടിയായി അദ്ദേഹം സമർപ്പിച്ചത്. ഇന്ന് രാവിലെ കുടുംബസമേതമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്. ജില്ലയിലെ ബിജെപി പ്രവർത്തകരും പള്ളിയിൽ സന്നിഹിതരായിരുന്നു.

വരുന്ന ബുധനാഴ്ചയാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം. ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. വിവാഹ ദിവസമായ 17ന് ഗുരുവായൂരില്‍ വിവാഹങ്ങള്‍ക്ക് സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് മോദി തൃശൂരിലെത്തുന്നത്. നേരത്തെ, ബിജെപിയുടെ നാരീശക്തി പരിപാടിയിൽ പങ്കെടുക്കാനാണ് മോദിയെത്തിയത്. 17ന് രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നിറങ്ങും. തുടർന്ന് റോഡ് മാര്‍ഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 8.15ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 20 മിനിറ്റ് നേരം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷം ക്ഷേത്രനടയില്‍ 8.45ന് നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Latest Articles