Saturday, September 19, 2026

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്കെതിരെ കേസെടുത്തു !

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് ആരോപണ വിധേയനായ ഡോ. ബിജോൺ ജോൺസണെതിരെ കേസെടുത്തത്. IPC 336, IPC 337വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തേ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത് കുടുംബത്തിൻറെ അനുമതിയോടെയല്ല എന്ന് ഡോക്ടർ സമ്മതിക്കുന്ന രേഖ നേരത്തെ പുറത്തു വന്നിരുന്നു . ഇതോടൊപ്പം ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നും ഡോക്ടർ കുറിച്ചിട്ടുണ്ട്. ഇതോടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമാവുകയാണ്.

ഇതിനിടെ ഡോക്ടറെ ന്യായീകരിച്ച് കെജിഎംസിടിഎ (കേരള ഗവൺമെന്‍റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ) രംഗത്തെത്തിയതും ചര്‍ച്ചയാകുന്നുണ്ട്. അവയവം മാറി ശസ്ത്രക്രിയ ചെയ്തുവെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമെന്നും കുട്ടിയുടെ നാവിന് അടിയിലെ വൈകല്യം ശ്രദ്ധയില്‍ പെട്ടതോടെയാണ് ആദ്യം ആ ശസ്ത്രക്രിയ നടത്തിയത് എന്നുമായിരുന്നു കെജിഎംസിടിഎ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നത്.

Related Articles

Latest Articles