തിരുവനന്തപുരം: സംസ്ഥാനത്തെ 12 ലക്ഷം കുടുംബങ്ങളിൽ കുട്ടികൾ സുരക്ഷിതരല്ലെന്നും അവർക്കു നേരെ വിവിധ അതിക്രമങ്ങൾക്ക് സാധ്യതയുണ്ടെന്നും സാമൂഹികനീതി വകുപ്പ് നടത്തിയ സർവേയിൽ കണ്ടെത്തി. 6 വർഷം മുൻപ്, ഇടുക്കിയിൽ അച്ഛന്റെയും വളർത്തമ്മയുടെയും ക്രൂരമർദനത്തിന് 10 വയസ്സുകാരൻ ഇരയായതിനെ തുടർന്നു സർക്കാർ നിയമിച്ച ഷഫീക് കമ്മിറ്റിയുടെ റിപ്പോർട്ടിനെ അധികരിച്ചാണു സർവേ നടത്തിയത്. കുട്ടികൾക്കു നേരെ അതിക്രമങ്ങൾക്കു സാധ്യതയുള്ള ഏറ്റവുമധികം കുടുംബങ്ങൾ തിരുവനന്തപുരത്താണ്. എറണാകുളമാണ് രണ്ടാം സ്ഥാനത്ത്.
വളർത്തുമാതാപിതാക്കൾ, മനോദൗർബല്യമുള്ളവർ അല്ലെങ്കിൽ മദ്യപരായ മാതാപിതാക്കൾ, ക്രിമിനൽ പശ്ചാത്തലമുള്ള മാതാപിതാക്കളോ സഹോദരങ്ങളോ ഉള്ള കുടുംബങ്ങൾ, സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള കുടുംബങ്ങൾ എന്നിവിടങ്ങളിലെ കുട്ടികൾക്കാണു കൂടുതൽ അരക്ഷിതാവസ്ഥ. ഇത്തരം വിഭാഗങ്ങളിലെല്ലാം തിരുവനന്തപുരം തന്നെയാണു മുന്നിൽ. മദ്യപരായ മാതാപിതാക്കളുള്ള 94,685 കുടുംബങ്ങളാണു സംസ്ഥാനത്തുള്ളത്.
അംഗനവാടി ജീവനക്കാർ വീടുതോറും നടത്തുന്ന വാർഷിക സർവേയുടെ ഭാഗമായാണു വിവരങ്ങൾ ശേഖരിച്ചത്. ഷഫീക് കമ്മിറ്റി റിപ്പോർട്ടും സർവേയിലെ കണ്ടെത്തലുകളും ആധാരമാക്കി, കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിർദേശങ്ങൾ സർക്കാരിനു സമർപ്പിക്കുമെന്നു വനിതാ ശിശു വികസന വകുപ്പ് വ്യകതമാക്കി.

