Friday, April 26, 2024
spot_img

സൂര്യഗായത്രി കൊലക്കേസ്; പ്രതി അരുണിന് ജീവപര്യന്ത്യത്തിനൊപ്പം 20 വർഷം കഠിനതടവ്

തിരുവനന്തപുരം : മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സൂര്യഗായത്രി കൊലക്കേസിൽ പ്രതി പേയാട് സ്വദേശി അരുണിന് ജീവപര്യന്ത്യം ശിക്ഷ. ഇതിനു പുറമേ 20 വർഷം കഠിനതടവും ഇയാൾ അനുഭവിക്കേണ്ടി വരും. ആറു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡിഷനൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണുവാണ് കേസിൽ വിധി പറഞ്ഞത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനാൽ നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്കു താമസിച്ചിരുന്ന ഇരുപത്കാരിയായ സൂര്യഗായത്രിയെ‌ അരുണ്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നെന്നാണു കേസ്.

പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രം. കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായി തെളിഞ്ഞു. സൂര്യഗായത്രിയെ ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കണ്മുന്നിൽ വച്ചായിരുന്നു പ്രതി അതി കൂരമായി കുത്തിക്കൊന്നത്. 2021 ഓഗസ്റ്റ് 31ലായിരുന്നു കൊലപാതകം നടന്നത് . കേസിൽ 39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി.

വീടിന്റെ അടുക്കള വാതിലിലൂടെ അകത്തു കടന്ന അരുണ്‍, സൂര്യഗായത്രിയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തുകയും.പിതാവ് ശിവദാസനെ ചവിട്ടി താഴെ തള്ളിയിട്ട് മർദിക്കുകയും ചെയ്തു. സൂര്യയുടെ തല മുതല്‍ കാല്‍ വരെ 33 ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്. തല ചുമരില്‍ പലവട്ടം ശക്തിയിൽ ഇടിക്കുകയും ചെയ്തു. പെൺകുട്ടി അബോധാവസ്ഥയിലായിട്ടും ഒരു ദയവുമില്ലാതെ ഇയാള്‍ വീണ്ടും കുത്തി. സൂര്യയുടെ പിതാവ് ശിവദാസന്റെ നിലവിളിച്ചതോടെ ഇയാൾ ഓടി. സമീപത്തെ മറ്റൊരു വീടിന്റെ ടെറസിൽ ഒളിക്കാൻ ശ്രമിച്ച അരുണിനെ അവിടെനിന്നാണ് നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടിയത്.

കൊലപാതകം നടക്കുന്നതിനു രണ്ട് വർഷം മുമ്പ് അരുൺ സൂര്യഗായത്രിയോട് വിവാഹാഭ്യർഥന നടത്തുകയും ക്രിമിനൽ പശ്ചാത്തലമുള്ള ഇയാളുടെ ബന്ധം വീട്ടുകാർ നിരസിക്കുകയും ചെയ്തിരുന്നു. പിന്നീട് കൊല്ലം സ്വദേശിയുമായി സൂര്യഗായത്രിയുടെ വിവാഹം നടന്നു. സൂര്യഗായത്രിയുടെ ഭർത്താവിനെ അരുൺ ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നും സൂര്യഗായത്രി ഉഴപ്പാക്കോണത്തെ വാടകവീട്ടിൽ അമ്മയെ കാണാനെത്തിയത് അറിഞ്ഞാണ് അരുൺ സൂര്യഗായത്രിയുടെ വീട്ടിലെത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീനും വിനു മുരളിയും പ്രതിക്കു വേണ്ടി പരുത്തിപളളി. ടി.എന്‍. സുനില്‍കുമാറും കോടതിയിൽ ഹാജരായി.

Related Articles

Latest Articles