ദില്ലി: സുഷമാ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കേരളം നിയോഗിച്ചത് ദില്ലിയിലെ കേരള ഹൗസ് റസിഡന്‍റ് കമ്മീഷണര്‍ പുനീത് കുമാറിനെ. സുഷമ സ്വരാജിന്‍റെ ഭൗതിക ശരീരത്തില്‍ കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി കേരള ഹൗസ് റസിഡന്‍റ് കമ്മീഷണര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രമുഖ നേതാക്കളും ജനപ്രതിനിധികളുമാണ് സുഷമ സ്വരാജിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയിരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും സംസ്കാര ചടങ്ങുകളില്‍ സന്നിഹിതരായി. അതേസമയം കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ ആരും എത്തിയിരുന്നില്ല.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോബെ അടക്കമുള്ള വിദേശരാഷ്ട്ര പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കേരള എംപിമാര്‍ തുടങ്ങിയവര്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു.

