Friday, October 30, 2026

കനത്ത മഴ: പന്പാ നദിയില്‍ ജലനിരപ്പുയരുന്നു; ഭക്തര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

മലപ്പുറം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം.കാലവര്‍ഷം കനത്തതിനാലും വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാലും മൂഴിയാര്‍ ഡാമിന്‍റെ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടു. ഡാമിന്‍റെ പരമാവധി സംഭരണ ശേഷിയായ 192.63 മീറ്റര്‍ എത്തുന്ന മുറയ്ക്ക് ഷട്ടറുകള്‍ നിയന്ത്രിതമായ രീതിയില്‍ തുറന്ന് അധികജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടേണ്ട സാഹചര്യമുണ്ട്.

ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍, മണിയാര്‍, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികള്‍ ഉള്‍പ്പെടെ പമ്പയുടെയും കക്കാട്ട് ആറിന്‍റെയും തീരത്തുള്ളവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനാല്‍ വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.നാളെ പത്തനംതിട്ടയില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.മഴ കനത്തതോടെ ഡ‍ാമുകളിലെ ജലനിരപ്പ് ഉയരാന്‍ തുടങ്ങിയിട്ടുണ്ട്.

മണിയാര്‍ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു.അധികജലം കക്കാട്ട് ആറ്റിലേക്ക് ഒഴുക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്.ആയതിനാല്‍ കക്കാട്,പന്പ നിവാസികള്‍ നദീതീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.പന്പ,കക്കി,ശബരിഗിരി പോലുള്ള പ്രധാന ഡാമുകളിലെ നിലവിലെ സംഭരണം പരമാവധി സംഭരണശേഷിയുടെ 25 മുതല്‍ 30 ശതമാനം മാത്രമേ ഉള്ളൂ. എന്നാല്‍ ചെറിയ സംഭരണശേഷിയുള്ള ചെറുകിട ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.

റാന്നി താലൂക്കിലെ നാറാണംമുഴി,വെച്ചൂച്ചിറ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന പെരുന്തേനരുവി ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ തടയണയില്‍ വെള്ളം കവിഞ്ഞൊഴുകുന്നതിനാല്‍ കുറുന്പന്‍മൂഴി കോളനിയിലേക്ക് പോകുന്ന കോസ് വേ വെള്ളം കയറിയിട്ടുണ്ട്. മഴ ഉയരാന്‍ ഉള്ള സാധ്യത കണക്കിലെടുത്ത് കോളനി നിവാസികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശവും പഞ്ചായത്ത് അധികൃതര്‍ക്കും ഫയര്‍ഫോഴ്സിനും ആവശ്യമെങ്കില്‍ കോളനി നിവാസികളെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

റാന്നി തഹസില്‍ദാര്‍ക്കും ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസര്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കി.പന്പാ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഭക്തര്‍ പന്പയിലേക്ക് ഇറങ്ങുന്നത് നിയന്ത്രിക്കാന്‍ ഫയര്‍ഫോഴ്സ്-പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ദേവസ്വം വകുപ്പിനും നിര്‍ദ്ദേശം നല്‍കി.

Related Articles

Latest Articles