Saturday, May 11, 2024
spot_img

രാസവസ്തു കലർത്തിയ ജൂസ് കഴിച്ചെന്നു സംശയം; സരിതാ എസ് നായർ ആശുപത്രിയിൽ; കൊലപാതക ശ്രമമെന്നും പ്രതി മുൻ ഡ്രൈവറെന്നും ആരോപണം

തിരുവനന്തപുരം :ഭക്ഷണത്തിൽ പലതവണയായി ശരീരത്തിന് ഹാനികരമായ രാസവസ്തു ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന സോളർ കേസ് പ്രതി സരിത എസ്.നായരുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഇവരുടെ രക്ത സാംപിളുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. മുൻ ഡ്രൈവറായ വിനുകുമാറാണ് തന്നെ കൊല്ലണമെന്ന ഉദ്ദേശത്തോടെ രാസവസ്തു കലർത്തിയതെന്നാണ് സരിത നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. കേരളത്തിൽ പരിശോധനയ്ക്കു സൗകര്യമില്ലാത്തതിനാൽ ദില്ലിയിലെ നാഷനൽ ഫൊറൻസിക് സയൻസ് ലബോറട്ടിയിൽ ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്കായി അയയ്ക്കും. അവശനിലയിലായ സരിത ഇപ്പോൾ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിൽ തുടരുകയാണ്.

രാസവസ്തു ഉള്ളിലെത്തിയതോടെ സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. ഇടതു കാലിനും സ്വാധീനക്കുറവുണ്ടായി. ഐപിസി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് വിനുകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

രോഗം ബാധിച്ചതിനെത്തുടർന്ന് ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് സരിത വ്യക്തമാക്കി. രക്തത്തിൽ അമിത അളവിൽ ആഴ്സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി.വിഷം കലർത്തി തരുന്നത് ആരാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാലാണ് ശരീരത്തിൽ വിഷ വസ്തുക്കൾ കണ്ടെത്തിയിട്ടും പരാതി നൽകാത്തതെന്നും എന്നാൽ 2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയിൽ വച്ച് വിനുകുമാറാണ് രാസവസ്തു കലർത്തിയതെന്നു മനസ്സിലാക്കിയെന്നും സരിത പറഞ്ഞു.

ക്രൈം ബ്രാഞ്ച് വിനുകുമാറിന്റെ വീട്ടിൽ പരിശോധന നടത്തി. സരിതയെ ചികിത്സിക്കുന്ന ഡോക്ടർമാരിൽനിന്നും വിവരം ശേഖരിച്ചിട്ടുണ്ട് .വിനുകുമാറിന്റെ ഫോൺ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചു.

Related Articles

Latest Articles