Sunday, January 11, 2026

ഗുജറാത്തിലെ തൂക്ക്പാല ദുരന്തം; മരണം 142, പാലം തുറന്നത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയെന്ന് ആരോപണം

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തിൽ മരണം 142 ആയി. പുഴയിൽ വീണ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. അതേസമയം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് പാലം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതെന്ന വിവരവും പുറത്ത് വന്നിരുന്നു. നിർമ്മാണ പ്രവർത്തികൾ നടത്തിയ കമ്പനിക്കെതിരെ കേസെടുത്തു.

മരിച്ചവരിൽ ഏറെയും കുട്ടികളും പ്രായമേറിയവരുമാണെന്നാണ് ലഭിക്കുന്ന വിവരം. പുതുക്കി പണിത പാലം അഞ്ച് ദിവസം മുമ്പാണ് തുറന്നുകൊടുത്തത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. നിലവിൽ മച്ഛു നദിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പാലം തകരുമ്പോൾ അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു.

അതിനിടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി.മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായധനം നൽകും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലടക്കമുള്ളവർ മോർബിയിലേക്ക് തിരിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറ് മാസമായി നടക്കുകയായിരുന്ന പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അഞ്ച് ദിവസം മുമ്പായിരുന്നു പൂർത്തിയായത്. രണ്ട് കോടി രൂപ മുതൽമുടക്കിയായിരുന്നു നവീകരണം. ഇതിനിടയിലാണ് പാലം തകർന്നുവീണത്.

Related Articles

Latest Articles