Friday, January 9, 2026

സ്വദേശാഭിമാനി-കേസരി, മാധ്യമ, ഫോട്ടോഗ്രഫി പുരസ്‌കാര വിതരണം ഇന്ന്

തിരുവനന്തപുരം: 2017ലെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം, 2017ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍, 2018ലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരം എന്നിവ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. വൈകിട്ട് അഞ്ചിന് ടാഗോര്‍ തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.
മേയര്‍ വി കെ പ്രശാന്ത്, എംഎല്‍എമാരായ വി എസ്. ശിവകുമാര്‍, വീണാ ജോര്‍ജ്, ഡോ. ശശി തരൂര്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ജഡ്ജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍, ജില്ലാ സെക്രട്ടറി സുരേഷ് വെള്ളിമംഗലം, ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് സെക്രട്ടറി പി വേണുഗോപാല്‍, ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ. സന്തോഷ് കുമാര്‍ എന്നിവര്‍ സംബന്ധിക്കും.

സ്വദേശാഭിമാനി-കേസരി പുരസ്‌കാര ജേതാവ് ടി ജെ എസ് ജോര്‍ജ്, ഫോട്ടോഗ്രഫി സമഗ്ര സംഭാവന പുരസ്‌കാരജേതാവ് പി. ഡേവിഡ് എന്നിവര്‍ മറുപടി പ്രസംഗം നടത്തും.
പത്രപ്രവര്‍ത്തന ചരിത്രത്തിലെ തിളക്കമാര്‍ന്ന വ്യക്തിത്വങ്ങളായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള എന്നിവരുടെ സ്മരണാര്‍ഥമാണ് സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒരുലക്ഷം രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

പുരസ്‌കാരദാന ചടങ്ങുകള്‍ക്ക് ശേഷം ലോക കേരള സഭയുമായി സഹകരിച്ച് പ്രമുഖ നര്‍ത്തകി ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്ത സംഗീത ശില്‍പം ‘ദേവഭൂമിക’യും വേദിയിലെത്തും.

Related Articles

Latest Articles