Sunday, May 12, 2024
spot_img

വിഴുങ്ങിയത് 50 മയക്കുമരുന്ന് കാപ്സ്യൂളുകൾ! കൊച്ചിയിൽ 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കൊക്കെയ്ന്‍ വേട്ട. 6 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ കരേല മൈക്കിൾ നംഗ പിടിയിൽ. കാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇയാള്‍ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ഏപ്രിൽ 19നാണ് ഇയാളെ പിടികൂടിയതെങ്കിലും കഴിഞ്ഞ ദിവസമാണ് റിമാൻഡ് ചെയ്തത്. ഇയാള്‍ വിഴുങ്ങിയ ഗുളികകൾ പുറത്തെടുക്കാൻ ആറ് ദിവസമെടുത്തു. ഇതേ തുടർന്നാണ് കോടതിയിൽ ഹാജരാക്കാൻ വൈകിയത്. 50 മയക്കുമരുന്ന് കാപ്സ്യൂളുകളാണ് പ്രതി വിഴുങ്ങിയത്.

ഒരാഴ്ച മുമ്പ് എത്യോപ്യയിൽ നിന്ന് മസ്കറ്റ് വഴിയാണ് മൈക്കിൾ നംഗ കൊച്ചിയിലെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡി.ആർ.ഐ ഇയാളെയും ബാഗേജുകളും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് അങ്കമാലി ലി​റ്റി​ൽ ഫ്ളവർ ആശുപത്രി​യി​ലെത്തിച്ചു​ പരി​ശോധിച്ചു. എക്സ്‌റേയിൽ വയറി​​നുള്ളി​ൽ ചി​ല പൊതി​കൾ കണ്ടെത്തി​യപ്പോൾ അങ്കമാലി​ അപ്പോളോ ആശുപത്രി​യി​ലേക്ക് മാറ്റി​. ഡോക്ടർമാരുടെയും മെഡി​ക്കൽ സ്റ്റാഫി​ന്റെയും ഒരാഴ്ചത്തെ പരി​ശ്രമത്തിനൊടുവി​ലാണ് ഇയാൾ വി​ഴുങ്ങി​യി​രുന്ന 50 കാപ്‌സ്യൂളുകൾ പുറത്തെടുത്തത്. ഇവയിൽ ​ 668 ഗ്രാം കൊക്കെയ്‌നുണ്ടായി​രുന്നു. അങ്കമാലി​ ജുഡിഷ്യൽ മജി​സ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles