Monday, December 29, 2025

‘എന്ത് സഹായത്തിനും വിളിച്ചാല്‍ മതി’: ശിവശങ്കറിനെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി; പിണറായിവിജയനെ കുരുക്കിലാക്കി സ്വപ്നയുടെ മൊഴി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കൂടുതല്‍ കുരുക്കിലാക്കി സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്‍റെ മൊഴി. ശിവശങ്കറിനെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയെന്ന് എന്‍ഫോഴ്മെന്‍റിന് സ്വപ്ന നല്‍കിയ മൊഴി പുറത്ത്. സ്പേസ് പാർക്കിലെ തന്‍റെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയാണെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു.

2017 ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍സുല്‍ ജനറലും ശിവശങ്കറും ഒപ്പമുണ്ടായിരുന്നു. “എന്ത് സഹായത്തിനും ശിവശങ്കറിനെ വിളിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി അന്ന് പറഞ്ഞതായി സ്വപ്നാ സുരേഷിന്‍റെ മൊഴിയിലുണ്ട്”. പിന്നീടുള്ള വിളികളിലൂടെയാണ് തങ്ങളുടെ സൗഹൃദം വളർന്നതെന്നും സ്വപ്ന പറയുന്നു.

മുഖ്യമന്ത്രിയുടെ വാദങ്ങള്‍ പൊളിക്കുന്നതാണ് സ്വപ്നയുടെ മൊഴി. സ്വപ്നയെ അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യല്‍ ഓരോ ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയും സർക്കാരും കൂടുതല്‍ പ്രതിരോധത്തിലാകുന്നതാണ് കാണാന്‍ കഴിയുന്നത്. അതേസമയം ചൊവ്വാഴ്ച വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. ഈ ചോദ്യം ചെയ്യല്‍ നിർണായകമായിരിക്കും. ശിവശങ്കറിന്‍റെ അറസ്റ്റിന് പോലും സാധ്യതയുണ്ടെന്നാണ് സൂചനകള്‍.

Related Articles

Latest Articles