Friday, May 3, 2024
spot_img

2018ലെ പ്രളയസമയത്തും സ്വപ്ന കമ്മിഷന്‍ വാങ്ങി: മുഖ്യന് കുരുക്കായി സ്വപ്നയുടെ മൊഴികൾ

തിരുവനന്തപുരം: 2018ലെ പ്രളയസമയത്തും തനിക്ക് യുഎഇ കോണ്‍സുലേറ്റിൽ നിന്ന് കമ്മീഷൻ ലഭിച്ചിരുന്നതായി സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. 2018ലെ പ്രളയത്തില്‍ തകര്‍ന്ന 150 വീടുകളുടെ അറ്റകുറ്റപ്പണിക്കായിരുന്നു കമ്മിഷന്‍ ലഭിച്ചത്. യുഎഇ കോണ്‍സുലേറ്റാണ് അറ്റകുറ്റപ്പണിക്കുള്ള ധനസഹായമെത്തിച്ചതെന്നും സ്വപ്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന സ്വകാര്യ കൂടിക്കാഴ്ചയിലെന്നും, സര്‍ക്കാരും കോണ്‍സുലേറ്റുമായുള്ള ആശയവിനിമയത്തിന് ശിവശങ്കറിനെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രിയാണെന്നും സ്വപ്ന ഇഡിയോട് വെളിപ്പെടുത്തിയിരുന്നു.

വിവാദങ്ങൾ വന്നതിന് ശേഷമാണ് സ്വപ്നയുടെ നിയമനം അറിഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ വാദത്തിന്റെ മുനയൊടിക്കുന്നതാണ് സ്വപ്നയുടെ മൊഴി. 2017ല്‍ മുഖമന്ത്രിയുടെ വസതിയില്‍ വച്ച് കോണ്‍സുല്‍ ജനറലും മുഖ്യമന്ത്രിയുമായി നടന്ന സ്വകാര്യ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ശിവശങ്കറെ പരിചയപ്പെടുന്നത്. സര്‍ക്കാരും കോണ്‍സുലേറ്റും തമ്മിലുള്ള ആശയവിനിമയത്തിന് ശിവശങ്കറെ ബന്ധപ്പെടാന്‍ അനൗദ്യോഗികമായി മുഖ്യമന്ത്രി നിര്‍ദേശിക്കുകയാമെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. ഇതിന് ശേഷം ശിവശങ്കര്‍ വിളിക്കുകയും സംസാരിക്കുകയും ചെയ്തുവെന്നും അങ്ങനെയാണ് ബന്ധമുണ്ടായതെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രിയും സർക്കാരും കൂടുതല്‍ പ്രതിരോധത്തിലാകുകയാണ്. അതേസമയം ചൊവ്വാഴ്ച വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. ഈ ചോദ്യം ചെയ്യല്‍ നിർണായകമായിരിക്കും. ശിവശങ്കറിന്‍റെ അറസ്റ്റിന് പോലും സാധ്യതയുണ്ടെന്നാണ് സൂചന.

Related Articles

Latest Articles