കൽപറ്റ : വയനാട് ഡിസിസി പ്രസിഡന്റായി ടി.ജെ. ഐസക്കിനെ തെരഞ്ഞെടുത്തു. കല്പറ്റ നഗരസഭയുടെ ചെയർമാനാണ് ടി.ജെ. ഐസക്. ടി. സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ ഐസക്കിനെ പിന്തുണച്ചിരുന്നുവെന്നാണ് വിവരം.
ഇടതടവില്ലാതെ ഉയരുന്ന വിവാദങ്ങൾക്കിടെ വയനാട് ഡിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് എൻ ഡി അപ്പച്ചൻ രാജിവെച്ചതിന് പിന്നാലെയാണ് പുതിയ പ്രസിഡന്റായി ടി.ജെ. ഐസകിനെ നിയമിച്ചത്. വയനാട് ഡിസിസി മുൻ ട്രഷറർ എൻഎം വിജയൻ്റെ മരണമുൾപ്പെടെയുള്ള സംഭവങ്ങളിൽ നേതൃത്വം പ്രതിരോധത്തിലായിരിക്കെയാണ് ഡിസിസി പ്രസിഡൻ്റ് സ്ഥാനം എൻ ഡി അപ്പച്ചൻ രാജിവെച്ചത്. അടുത്തിടെ, പ്രിയങ്കഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എൻ ഡി അപ്പച്ചൻ നടത്തിയ പരാമർശം കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. കഴിഞ്ഞ കെപിസിസി യോഗത്തിൽ തന്നെ ഒഴിവാക്കി തരണം എന്ന് അപ്പച്ചൻ ആവശ്യപ്പെട്ടിരുന്നു. സമീപകാല സംഭവങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും താൻ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നതായും അപ്പച്ചൻ അവകാശപ്പെട്ടെങ്കിലും ഹൈക്കമാൻഡിന്റെയും കെപിസിസി നേതൃത്വത്തിന്റെയും ഇടപെടലാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.

