Saturday, September 19, 2026

ടെയ്ൽബോണിനുണ്ടായ പരിക്ക് ഗുരുതരമാകുന്നു !ഇത്തവണ ബിജെപിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഖുശ്‌ബു ഉണ്ടാവില്ല; ആരോഗ്യപ്രശ്നങ്ങൾ വിശദമാക്കി ദേശീയ അദ്ധ്യക്ഷന് കത്തയച്ചു

ചെന്നൈ : ഗുരുതര ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നത് മൂലം ഇത്തവണ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് വ്യക്തമാക്കി ബിജെപി നേതാവും അഭിനേത്രിയുമായ ഖുശ്ബു സുന്ദർ. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്ക്ക് തന്റെ ആരോഗ്യപ്രശ്നങ്ങൾ വിശദമാക്കി അയച്ച കുറിപ്പ് ഖുശ്ബു സമൂഹ മാദ്ധ്യമമായ എക്സിലൂടെ പങ്കുവച്ചു. സജീവ പ്രചാരണത്തിനില്ലെങ്കിലും, സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം തുടരുമെന്നും ഖുശ്ബു വ്യക്തമാക്കി.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവസാന്നിധ്യമായിരുന്ന ഖുശ്ബുവിന് 2019ൽ ടെയ്ൽബോണിനുണ്ടായ പരിക്കാണ് തിരിച്ചടിയായി മാറിയത്. ഡോക്ടർമാരുടെ എതിർപ്പ് അവഗണിച്ചും ഖുശ്‌ബു പാർട്ടിയുടെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇതാണ് പരിക്ക് കൂടുതൽ ഗുരുതമാക്കിയത് എന്നാണ് വിവരം. “അടിയന്തര ശ്രദ്ധ വേണ്ടതിനാൽ പ്രചാരണ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയാണ്. പരുക്ക് ഭേദമായി ആരോഗ്യത്തോടെ തിരികെവരാൻ എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും വേണം.”- ഖുശ്ബു എക്സിൽ കുറിച്ചു.

നിർണായക സമയത്ത് വിട്ടുനിൽക്കേണ്ടി വരുന്നത് ഹൃദയഭേദകമാണെന്നും ബിജെപിയുടെ നയങ്ങളും പദ്ധതികളും സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചുകൊണ്ട് പ്രചാരണരംഗത്ത് താൻ സജീവമായിരിക്കുമെന്നും മോദി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്യുന്നത് വീക്ഷിക്കുന്നതിനായി താൻ കാത്തിരിക്കുകയാണെന്നും ഖുശ്‌ബു ജെ.പി. നദ്ദയ്ക്കയച്ച കത്തിൽ പറയുന്നു

Related Articles

Latest Articles