Friday, May 10, 2024
spot_img

താലിബാൻ ഭീഷണി കടുക്കുന്നു…; സൽ‍മ അണക്കെട്ട് തകർക്കാൻ ശ്രമം; ഭീതിയിൽ ജനം

ദില്ലി: അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിൽ ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിനുനേരെ താലിബാൻ വെടിവയ്പ്. 2016 ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനിയും സംയുക്തമായി ഉദ്ഘാടനം ചെയ്ത അണക്കെട്ടാണ് സൽമ അണക്കെട്ട്. പ്രവിശ്യയിലെ ചെഷ്ത് ജില്ലയിലെ വൈദ്യുതിയുടെയും ജലസേചനത്തിന്റെയും പ്രധാന സ്രോതസ്സാണിത്.

എന്നാൽ താലിബാന്റെ ആക്രമണം രൂക്ഷമായാൽ മഹാദുരന്തം ഉണ്ടാകുമെന്നും, ഭീകരർ തുടരെത്തുടരെ റോക്കറ്റുകൾ വിക്ഷേപിച്ചാൽ സൽമ അണക്കെട്ട് തകരുമെന്നും അഫ്ഗാൻ നാഷനൽ വാട്ടർ അതോറിറ്റി മുന്നറിയിപ്പു നൽകി. ചില റോക്കറ്റുകൾ അണക്കെട്ടിന് വളരെ അടുത്തായി പതിച്ചിട്ടുണ്ട് എന്നാണ് സൂചന. അണക്കെട്ട് തകർന്നാൽ പടിഞ്ഞാറൻ അഫ്ഗാനിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കും. അണക്കെട്ടിനെ ആശ്രയിച്ചു പ്രവിശ്യയിലെ 8 ജില്ലകളാണ് ജീവിക്കുന്നത്. അണക്കെട്ട് ദേശീയ സ്വത്താണെന്നും അവ യുദ്ധത്തിൽ തകർക്കപ്പെടേണ്ടതല്ലെന്നും അതോറിറ്റി വ്യക്തമാക്കി.

ചെഷ്ത് ജില്ലയിൽ ഹരിരോദ് നദിക്കു കുറുകെയാണ് സൽമ അണക്കെട്ട് പണിതിരിക്കുന്നത്. 107 മീറ്റർ ഉയരമുള്ള അണക്കെട്ടിന് 550 മീറ്റർ നീളമുണ്ട്. 42 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാം. 75,000 ഹെക്ടർ ഭൂമിക്ക് ജലം നൽകാം. കുടിവെള്ളവും മറ്റും ഉറപ്പാക്കുകയും ചെയ്യാം. 1970കളിൽ പഠനം നടത്തി പിന്നാലെതന്നെ അണക്കെട്ടിന്റെ പണി ആരംഭിച്ചെങ്കിലും ആഭ്യന്തര സംഘർഷത്തിൽ എല്ലാം മുടങ്ങിപ്പോയിരുന്നു.

പിന്നീട് , 2005ൽ ഇന്ത്യയാണ് പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയത്. അണക്കെട്ടിനായി 2015 ഡിസംബറിൽ 290 ദശലക്ഷം യുഎസ് ഡോളറിന്റെ ചെലവ് ഇന്ത്യൻ സർക്കാർ അംഗീകരിച്ചിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ അഫ്ഗാൻ സർക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയായിരുന്നു അത്.

എന്നാൽ, വെടിവെയ്പ് സംഭവത്തിൽ പങ്കില്ലെന്നാണ് താലിബാൻ വൃത്തങ്ങളുടെ പ്രതികരണം . അണക്കെട്ടിനുനേർക്ക് വെടിവച്ചിട്ടില്ലെന്ന നിലപാടാണ് വക്താവ് സബിഹുല്ല മുജാഹിദ് എടുത്തത്. കമൽ ഖാൻ അണക്കെട്ടിന്റെ സുരക്ഷ ഇപ്പോൾ താലിബാന്റെ കൈവശമാണെന്നും മുജാഹിദ് അവകാശപ്പെട്ടു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles