Saturday, May 4, 2024
spot_img

”കാബൂളിലെ ഇന്ത്യൻ എംബസി എത്രയും വേഗം തുറക്കണം”; ഇന്ത്യയോട് അഭ്യർത്ഥിച്ച് താലിബാൻ

കാബൂൾ: ഇന്ത്യയെ വീണ്ടും വാനോളം പുകഴ്ത്തി (Taliban Says About india) താലിബാൻ. കാബൂളിലെ ഇന്ത്യൻ എംബസി എത്രയും വേഗം തുറക്കണമെന്നു പറഞ്ഞുകൊണ്ടായിരുന്നു താലിബാൻ ഇന്ത്യയെ പ്രശംസിച്ച് രംഗത്തുവന്നത്. ഐക്യരാഷ്‌ട്ര സഭയുടെ പ്രത്യേക പ്രതിനിധി സുഹൈൽ ഷഹീനാണ് താലിബാന്റെ വിദേശനയത്തിലെ മാറ്റം വിശദീകരിച്ചത്. ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകിയ ഇന്ത്യയുടെ നടപടിയെയും താലിബാൻ പ്രശംസിച്ചു.

അതോടൊപ്പം തങ്ങളെ അംഗീകരിക്കണമെന്നും താലിബാൻ ഭരണകൂടം ഇന്ത്യയോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. എന്നാൽ താലിബാനിലെ മനുഷ്യവകാശ ലംഘനങ്ങളും ഇസ്ലാമിക ഭീകരർക്ക് നൽകുന്ന പിന്തുണയും നിർത്താതെ ഒരു ധാരണയ്‌ക്കുമില്ലെന്ന് ഇന്ത്യ തീർത്തും വ്യക്തമാക്കി കഴിഞ്ഞു. യാതൊരു നയതന്ത്ര ബന്ധവും പുന:സ്ഥാപിക്കില്ലെന്ന നയത്തിൽ ഇന്ത്യ ഉറച്ചു നിൽക്കുകയാണ്.

അതേസമയം ജീവകാരുണ്യ പ്രവർത്തനത്തിന് എന്തു സഹായവും ചെയ്യും. ഐക്യരാഷ്‌ട്ര സഭയുമായി ചേർന്ന് 50,000 ടൺ ഭക്ഷ്യധാന്യം എത്തിക്കാമെന്ന വാക്കാണ് ഇന്ത്യ പാലിച്ചത്. പാകിസ്ഥാൻ വഴി എത്തിക്കേണ്ട സാധനങ്ങൾ ഇമ്രാൻ ഭരണകൂടത്തിന്റെ പിടിവാശിമൂലം മൂന്ന് മാസം വൈകിയാണ് ഇന്ത്യയ്ക്ക് എത്തിക്കാനായത്. ഇതിനിടെ പഴകിയതും പുഴുവരിച്ചതുമായ ഭക്ഷ്യധാന്യം നൽകി പാകിസ്ഥാൻ അപമാനിച്ചതിന്റെ പ്രതിഷേധവും താലിബാൻ രേഖപ്പെടുത്തി. ലോകരാജ്യങ്ങളുമായി ഇന്ത്യയ്‌ക്കുള്ള ശക്തമായ നയതന്ത്രബന്ധങ്ങളാണ് താലിബാൻ ഉപയോഗപ്പെടുത്താൻ നോക്കുന്നത്. സാമ്പത്തികമായും വാണിജ്യപരമായും തകർന്ന താലിബാന് ഇനിയും വിശ്വസിക്കാവുന്ന ഒരു രാജ്യത്തിന്റെ പിന്തുണ ലഭിച്ചിട്ടില്ല. അതേസമയം കൊടിയപീഡനങ്ങളാണ് അഫ്ഗാനിലെ സാധാരണ ജനത താലിബാൻ ഭീകരരിൽ നിന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

Related Articles

Latest Articles