ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന (നീറ്റ് ) പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തവരില്‍ മലയാളികളും. എസ് ആര്‍ എം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ തൃശ്ശൂര്‍ സ്വദേശി രാഹുല്‍, പിതാവ് ഡേവിസ് എന്നിവരാണ് തമിഴ്‌നാട്ടിൽ അറസ്റ്റിലായത്
പകരക്കാരനെ വച്ച് പരീക്ഷ എഴുതാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മലയാളി ജോര്‍ജ് ജോസഫ് വഴി 20 ലക്ഷം രൂപ കൈമാറിയതായി ഇവര്‍ അന്വേഷണ സംഘത്തിന് മുൻപാകെ സമ്മതിച്ചു
ജോര്‍ജ് ജോസഫിനെ വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ജോര്‍ജിനു പുറമെ, മലയാളിയായ റഷീദിനും കേസില്‍ പങ്കുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. ഇയാള്‍ ഒളിവിലാണെന്നും വൈകാതെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
വ്യാഴാഴ്ചയാണ് തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അനധികൃതമായി പ്രവേശനം നേടിയ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഉദിത് സൂര്യയെയും പിതാവ് ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ഡോ വെങ്കടേശരനെയും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ജോര്‍ജ് ജോസഫ് 20 ലക്ഷം രൂപ പ്രതിഫലം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
ഉദിത് സൂര്യയെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ പിടികൂടിയത്. നീറ്റ് പരീക്ഷയുടെ ആള്‍മാറാട്ടത്തിനു പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം.

