താനൂർ : ഒട്ടുംപുറം തൂവൽതീരത്ത് നടന്ന ബോട്ടപകടത്തിൽ മരണം 18 ആയി ഉയർന്നു. അഞ്ച് പേർക്കായി തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. ബോട്ടിൽ അനുവദനീയമായതിലും അധികം ആളുകളെ കയറ്റിയിരുന്നതായാണ് സൂചന. അപകടസമയത്ത് ബോട്ടിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ മുപ്പതോളം പേർ യാത്രക്കാരായി ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഇവരിൽ ഭൂരിഭാഗം പേരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്.
തീരത്തുനിന്ന് അവസാന ട്രിപ്പിനു പോയവരാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് കരയിൽ നിന്ന് 300 മീറ്ററോളം അകലെയായിരുന്നു ബോട്ട്. ആറു മണി വരെയാണ് സർവീസിന് അനുമതിയുണ്ടായിരുന്നതെങ്കിലും അത് ലംഘിച്ചാണ് ഏഴ് മണിക്ക് സർവീസ് നടത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. അതെ സമയം അപകടത്തിൽപ്പെട്ട ബോട്ടത്തിന് സർവീസ് നടത്താനുള്ള അനുമതിയുണ്ടായിരുന്നില്ല എന്നും പറയപ്പെടുന്നു.
ബോട്ട് മറിഞ്ഞത് ചെളി നിറഞ്ഞ ഭാഗത്തായത് രക്ഷാപ്രവർത്തനത്തെ ദോഷകരമായി ബാധിച്ചു. രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോൾ ബോട്ട് തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്നുഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ബോട്ട് ഉയർത്താനായത്.

