Thursday, October 1, 2026

ഇന്ത്യയെ ലക്ഷ്യം വെക്കുന്നത് നീതിയല്ല… പാകിസ്ഥാന് പിന്തുണ നൽകരുത് !! പോളണ്ടിന് മുന്നറിയിപ്പുമായി എസ്. ജയശങ്കർ

ദില്ലി : റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര ബന്ധങ്ങളുടെ പേരിൽ ഇന്ത്യയെ തിരഞ്ഞുപിടിച്ച് ലക്ഷ്യം വെക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നീക്കങ്ങളിൽ ശക്തമായ പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ദില്ലിയിൽ പോളണ്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഡോസ്ലാവ് സിക്കോർസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ സ്വാധീനിക്കാനുള്ള സമ്മർദ്ദ തന്ത്രങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇത്തരം ‘സെലക്റ്റീവ് ടാർഗെറ്റിംഗ്’ അനീതിയാണെന്നും ജയശങ്കർ തുറന്നടിച്ചു.

അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ കാര്യത്തിൽ പാകിസ്ഥാന് നേരിട്ടോ അല്ലാതെയോ യാതൊരുവിധ പിന്തുണയും നൽകരുതെന്ന് പോളണ്ടിന് ഇന്ത്യ കർശന മുന്നറിയിപ്പ് നൽകി. ഭീകരവാദത്തിന്റെ കാര്യത്തിൽ പോളണ്ട് ‘സീറോ ടോളറൻസ്’ നയം സ്വീകരിക്കണമെന്നും ഇന്ത്യയുടെ അയൽപക്കത്തുള്ള ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നിലപാടുകൾ ഉണ്ടാവരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2025 ഒക്ടോബറിൽ ഇസ്ലാമാബാദ് സന്ദർശന വേളയിൽ കശ്മീർ വിഷയത്തിൽ പോളണ്ട് നടത്തിയ പരാമർശങ്ങൾക്കുള്ള മറുപടി കൂടിയായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. യൂറോപ്യൻ രാജ്യങ്ങൾ ഭീകരവാദ ധനസഹായത്തിനെതിരെയും സുരക്ഷിത താവളങ്ങൾക്കെതിരെയും ജാഗ്രത പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ആശങ്കകളോട് അനുകൂലമായാണ് സിക്കോർസ്കി പ്രതികരിച്ചത്. വ്യാപാര തീരുവകൾ ഉപയോഗിച്ച് ചില രാജ്യങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നത് ആഗോള വ്യാപാര മേഖലയിൽ വലിയ അസ്ഥിരതയുണ്ടാക്കുമെന്ന് അദ്ദേഹം സമ്മതിച്ചു. പോളണ്ടിലും സമാനമായ രീതിയിൽ അട്ടിമറി ശ്രമങ്ങളും ഭീകരവാദ ആക്രമണങ്ങളും നടന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതിർത്തി കടന്നുള്ള ഭീകരവാദത്തെ നേരിടേണ്ടതിന്റെ ആവശ്യകതയിൽ ഇന്ത്യയോട് യോജിച്ചു. റഷ്യ-യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടുകൾ പലതവണ ചർച്ച ചെയ്തിട്ടുള്ളതാണെന്നും സമാധാനപരമായ നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ജയശങ്കർ കൂടിക്കാഴ്ചയിൽ ആവർത്തിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. വ്യാപാരം, പ്രതിരോധം, സുരക്ഷ, ഡിജിറ്റൽ ഇന്നൊവേഷൻ എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള 2024-28 ആക്ഷൻ പ്ലാൻ യോഗം അവലോകനം ചെയ്തു. നിലവിൽ 7 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും പോളണ്ടും തമ്മിലുള്ളത്. പോളണ്ടുമായുള്ള ബന്ധത്തെ ഇന്ത്യ ഏറെ വിലമതിക്കുന്നുണ്ടെങ്കിലും, ഭീകരവാദത്തിന്റെ കാര്യത്തിലും ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങളുടെ കാര്യത്തിലും ഇന്ത്യയുടെ ‘റെഡ് ലൈനുകൾ’ വ്യക്തമാണെന്ന് ദില്ലിയിൽ നടന്ന ഈ കൂടിക്കാഴ്ച അടിവരയിടുന്നു.

Related Articles

Latest Articles