Saturday, June 1, 2024
spot_img

60,000 കോടി കടമുള്ള എയർ ഇന്ത്യയെ, ടാറ്റയ്ക്ക് ലാഭത്തിലാക്കാൻ പറ്റുമോ ?

60,000 കോടി കടമുള്ള എയർ ഇന്ത്യയെ, ടാറ്റയ്ക്ക് ലാഭത്തിലാക്കാൻ പറ്റുമോ ? | AIR INDIA

എയര്‍ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം. ടാറ്റയുടെ കൈകളിലേക്ക് എയർ ഇന്ത്യ തിരിച്ചെത്തിയിരിക്കുകയാണ്. അതിന്റെ സന്തോഷം രത്തൻ ടാറ്റ തന്റെ ട്വീറ്റിലൂടെ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എയർ ഇന്ത്യ (Air India) സ്വന്തമാക്കുക എന്നത് ടാറ്റ സൺസിനെ സംബന്ധിച്ച് അവരുടെ ഒരു അഭിമാന പ്രശ്‌നം കൂടിയായിരുന്നു. എന്നാൽ, ഈ ഏറ്റെടുക്കലിൽ യഥാർത്ഥത്തിൽ ടാറ്റയ്ക്ക് വലിയ നേട്ടം വല്ലതും ഉണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. വൻ കടക്കെണിയിൽ പെട്ടുകിടക്കുന്ന എയർ ഇന്ത്യയെ ലാഭത്തിലാക്കാൻ ടാറ്റ ഗ്രൂപ്പിന് കഴിയുമോ? ഉപ്പ് മുതൽ കർപ്പൂരം വരെ വിൽക്കുന്ന ടാറ്റയെ സംബന്ധിച്ച് ബിസിനസ് എന്നത് ഒരു പുത്തരിയല്ലെന്ന് ലോകത്തിന് മുഴുവൻ അറിയാം.

പതിനെണ്ണായിരം കോടി രൂപയ്ക്കാണ് ടാറ്റ സൺസ് എയർ ഇന്ത്യ ലേലത്തിൽ പിടിച്ചിരിക്കുന്നത്. സ്‌പൈസ് ജെറ്റ് ആയിരുന്നു ഇതിൽ മുഖ്യ എതിരാളികൾ. എന്നാൽ, കൂടുതൽ തുക ക്വാട്ട് ചെയ്ത ടാറ്റയ്ക്ക് തന്നെ വിൽപന നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. ടാറ്റ സൺസിന്റെ കീഴിലുള്ള ടാലാസ് പ്രൈവറ്റ് ലിമിറ്റഡ് വഴി ആണ് എയർ ഇന്ത്യ ടാറ്റ സ്വന്തമാക്കിയിരിക്കുന്നത്. കമ്പനിയിലെ കേന്ദ്ര സർക്കാരിന്റെ 100 ശതമാനം ഓഹരികളും ഇനി ടാറ്റയ്ക്ക് സ്വന്തം. ഇതോടൊപ്പം തന്നെ എയർ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ്, എയർ ഇന്ത്യ സാറ്റ്‌സ് എന്നിവയിലെ എയർ ഇന്ത്യ ഓഹരികളും ടാലാസ് പ്രൈവറ്റ് ലിമിറ്റഡിന് ലഭിക്കും.

18,000 കോടിയിൽ നിന്ന് ആകെ 2,700 കോടി രൂപ മാത്രമാണ് സർക്കാരിന് ലഭിക്കുക. ബാക്കി തുക മുഴുവനും എയർ ഇന്ത്യയുടെ നിലവിലെ കടങ്ങൾ വീട്ടാൻ ആയിരിക്കും ഉപയോഗിക്കുക. എന്നാൽ, ആ തുകകൊണ്ടൊന്നും തീരുന്ന കടമല്ല എയർ ഇന്ത്യയുടേത് എന്നതാണ് വസ്തുത. പ്രതിദിനം 20 കോടി രൂപ നഷ്ടം എന്ന സ്ഥിതി മാറിയാൽ തന്നെ എയർ ഇന്ത്യയ്ക്കും ടാറ്റയ്ക്കും പ്രതീക്ഷകൾ വച്ചുപുലർത്താം. എയർ ഇന്ത്യ ടാറ്റയ്ക്ക് കീഴിൽ വരുമ്പോൾ അതിന്റെ എല്ലാ ആസ്തികളും ടാറ്റയ്ക്ക് ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. കമ്പനിയുടെ പൊന്നു വിലയുള്ള ഭൂമിയോ കെട്ടിടങ്ങളോ മറ്റ് നോൺ കോർ ആസ്തികളോ ടാറ്റ ഗ്രൂപ്പിന് ലഭിക്കില്ല. അത് കേന്ദ്ര സർക്കാരിന്റെ എയർ ഇന്ത്യ അസറ്റ് ഹോൾഡിങ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിലേക്ക് മാറും. ചെറിയ മൂല്യമൊന്നും അല്ല ഇതിനുള്ളത്- മൊത്തം 14,718 കോടി രൂപ മൂല്യം വരും എന്നാണ് കണക്കുകൾ.

Related Articles

Latest Articles