Saturday, May 4, 2024
spot_img

” രക്തസാക്ഷി മണ്ഡപം നിർമ്മിക്കാൻ പാർട്ടി ചോദിച്ച പിരിവ് തന്നില്ലെങ്കിൽ ഭൂമിയിൽ കൊടി കുത്തും”; പ്രവാസി നിക്ഷേപകനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതി

കൊല്ലം: രക്തസാക്ഷി മണ്ഡപത്തിന് പണം (Money) തന്നില്ലെങ്കിൽ കൊടികുത്തുമെന്ന് പ്രവാസി നിക്ഷേപകനോട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. സിപിഎം ചവറ ഈസ്റ്റ് മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനും കൃഷി ഓഫീസർക്കും എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പാർട്ടി ചോദിച്ച പിരിവ് തന്നില്ലെങ്കിൽ ഭൂമിയിൽ കൊടി കുത്തുമെന്നാണ് ഭീഷണിയുയർത്തിയതെന്നാണ് പ്രവാസിയായ കൺവെൻഷൻ സെന്റർ ഉടമ നൽകിയ പരാതിയിൽ പറയുന്നത്. പത്ത് വർഷമായി അമേരിക്കയിൽ വെൽഡിങ് ജോലി നോക്കുന്ന മൈനാഗപ്പള്ളി കോവൂർ മായാവിലാസത്തിൽ ഷഹി വിജയൻ പുതുതായി തുടങ്ങാനിരിക്കുന്ന കൺവെൻഷൻ സെന്ററിന് നേരെയാണ് സിപിഎം നേതാവ് ഭീഷണി മുഴക്കിയത്. സംഭവത്തിൽ ഷഹി വിജയന്റെ ഭാര്യ ഷൈനി മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി.രാജീവിനും പരാതി നൽകി.

ഷഹിയും ഡേ കെയർ സെന്ററിൽ ജോലി ചെയ്യുന്ന ഷൈനിയും മക്കളോടൊപ്പം ഹൂസ്റ്റണിലാണ് താമസം. ഇരുവരുടേയും പേരിൽ ചവറ മുഖംമൂടി മുക്കിന് സമീപമുള്ള 75 സെന്റ് ഭൂമിയിലാണ് കൺവെൻഷൻ സെന്റർ (Convention Centre) നിർമ്മിച്ചത്. സമ്പാദ്യവും വായ്പയും ഉൾപ്പെടെ 10 കോടി രൂപയോളം ഇതിനായി ചിലവിട്ടു.
എന്നാൽ പാർട്ടി നിർമ്മിക്കുന്ന ശ്രീകുമാർ രക്തസാക്ഷി മണ്ഡപത്തിനായി 10,000 രൂപ പിരിവ് ചോദിച്ചിട്ട് തന്നില്ലെന്നും ചോദിക്കുമ്പോഴൊക്കെ കളിയാക്കുകയാണെന്നും ഷഹി വിജയന്റെ സഹോദരന്റെ മകനെ ബ്രാഞ്ച് സെക്രട്ടറി ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു.

അടുത്ത ദിവസം തന്നെ കൃഷി-വില്ലേജ് ഓഫീസർമാരും തഹസിൽദാരുമായി അവിടെ എത്തുമെന്നും സ്ഥലത്ത് കൊടികുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവം വിവാദമായതോടെ ബ്രാഞ്ച് സെക്രട്ടറി പിന്നീട് ഫോണിൽ വിളിച്ച് പിരിവ് ചോദിച്ചിട്ടില്ലെന്നും 26 സെന്റ് വയൽ നികത്തിയതിലാണ് പരാതിയെന്നും പറഞ്ഞു. ഇതിന്റെ ശബ്ദരേഖയും പല മാധ്യമങ്ങളും പുറത്ത് വന്നിട്ടുണ്ട്. രണ്ട് വർഷം മുൻപ് സമാനമായ സാഹചര്യത്തിലാണ് കണ്ണൂർ ബക്കളത്ത് പ്രവാസി വ്യവസായിയായ സാജൻ ആത്മഹത്യ (Suicide) ചെയ്തത്.

20 വർഷത്തോളം വിദേശരാജ്യത്ത് ചോര നീരാക്കി ഉണ്ടാക്കിയ സമ്പാദ്യം കൊണ്ട് നാട്ടിൽ ഒരു കൺവെൻഷൻ സെന്റർ കെട്ടിപ്പടുത്തെങ്കിലും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ തുടർച്ചയായ പകപോക്കലിനെ തുടർന്ന് നിർമാണം പ്രതിസന്ധിയിലായി. നിർമാണത്തിൽ അപാകതയുണ്ടെന്നും കെട്ടിടം (Building) പൊളിക്കണമെന്നും സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭ നോട്ടീസ് നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കൊടുവിലാണ് സാജൻ ജീവനൊടുക്കിയത്. ഇതിനുപിന്നാലെയാണ് വീണ്ടും മറ്റൊരു വ്യവസായിയോട് സിപിഎം പ്രവർത്തകരുടെ ക്രൂരത ഉണ്ടായിരിക്കുന്നത്.

Related Articles

Latest Articles