Saturday, May 4, 2024
spot_img

2020ലെ ടീം ഇന്ത്യയുടെ ആദ്യ വിദേശത്തെ മത്സരം ഇന്ന്,കരുത്തരായ കിവികൾ എതിരാളികൾ…

2020ലെ ഇന്ത്യയുടെ ആദ്യ വിദേശ പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. കരുത്തരായ ന്യൂസിലൻറിനെതിരെ ശക്തമായ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്. 5 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ന്യൂസിലൻറിലെ പേസർമാരെ തുണക്കുന്ന പിച്ച് ഇന്ത്യയ്ക്ക് വെല്ലുവിളിയാവുമോയെന്നാണ് കണ്ടറിയേണ്ടത്.

ഇന്ത്യയും ന്യൂസിലൻറും തമ്മിൽ ന്യൂസിലൻറിൽ 5 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതിൽ നാലും കിവീസ് തന്നെയാണ് വിജയിച്ചത്. ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള മുന്നൊരുക്കത്തിൻെറ ഭാഗമായാണ് ടീം ഇന്ത്യ പരമ്പരയെ കാണുന്നത്.

ന്യൂസിലൻറിൻെറ മൂന്ന് പ്രധാന താരങ്ങൾ പരിക്കിൻെറ പിടിയിലാണ്. പേസർ ട്രെൻറ് ബോൾട്ട്, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൻ എന്നിവർ കളിക്കില്ല. ശിഖർ ധവാൻ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ തുടങ്ങിയവരെ പരിക്ക് കാരണം ഇന്ത്യ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, ശക്തമായ റിസർവ് ബെഞ്ച് ഇന്ത്യക്കുണ്ട്.

കെഎൽ രാഹുലിനെയാണ് ഒന്നാം ടി20യിൽ ആരാധകർ ഉറ്റുനോക്കുന്നത്. രാഹുലായിരിക്കും രോഹിത് ശർമക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുക. വിക്കറ്റ് കീപ്പറായി ടി20യിലും രാഹുൽ തന്നെ തുടരുമെന്ന് നായകൻ വിരാട് കോലി സൂചിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ റിഷഭ് പന്തിന് പ്ലേയിങ് ഇലവനിൽ സ്ഥാനം നഷ്ടപ്പെടും.

സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ മനീഷ് പാണ്ഡെക്ക് അവസരം നൽകാനാണ് കൂടുതൽ സാധ്യത. മലയാളി താരം സഞ്ജു സാംസൺ ശിഖർ ധവാന് പകരക്കാരനായി പതിനഞ്ചംഗ ടീമിലുണ്ടെങ്കിലും പ്ലേയിങ് ഇലവനിൽ പരിഗണിക്കപ്പെടാൻ സാധ്യത കുറവാണ്.

Related Articles

Latest Articles