Wednesday, April 24, 2024
spot_img

തീവ്രവാദികള്‍ക്കു പിന്നാലെ എന്‍.ഐ.എ. വാഗമണില്‍

വാഗമണില്‍ സിമി ക്യാമ്പ്‌ നടന്ന സ്‌ഥലത്തിനു സമീപം വീണ്ടും തീവ്രവാദികള്‍ എത്തിയെന്ന ‘മംഗളം’ വാര്‍ത്തയേത്തുടര്‍ന്ന്‌ ദേശീയ രഹസ്യാന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണമാരംഭിച്ചു. എന്‍.ഐ.എ. സംഘം വാഗമണ്‍ സന്ദര്‍ശിച്ചതിനു പുറമേ, പോലീസ്‌ രഹസ്യാന്വേഷണവിഭാഗവും സംഭവത്തെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട്‌ ഡി.ജി.പിക്കു കൈമാറി. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലാണു സിമി ക്യാമ്പ്‌ നടന്ന സ്‌ഥലം. കഴിഞ്ഞ ഡിസംബര്‍ 17-നാണ്‌ ഇവിടെ സംശയാസ്‌പദമായ സാഹചര്യത്തില്‍ ഏഴംഗസംഘം എത്തിയത്‌. ഇവര്‍ എത്തിയ വാഹനം കര്‍ണാടക രജിസ്‌ട്രേഷനുള്ളതാണ്‌. വാഹനം തകരാറായതിനേത്തുടര്‍ന്ന്‌, സമീപക്ഷേത്രത്തിലെ പൂജാരിയാണു സംശയാസ്‌പദ സാഹചര്യത്തില്‍ സംഘത്തെ കണ്ടത്‌. പൂജാരി സമീപവാസികളെ വിളിച്ചുകൂട്ടുകയും പോലീസില്‍ അറിയിക്കുകയും ചെയ്‌തെങ്കിലും ഇവര്‍ രക്ഷപ്പെട്ടു. നാട്ടുകാര്‍ ചോദിച്ചപ്പോള്‍ സമീപത്തെ പള്ളിയില്‍ നിസ്‌ക്കരിക്കാന്‍ എത്തിയതാണെന്നായിരുന്നു മറുപടി. ഹിന്ദിയിലായിരുന്നു സംസാരം. എന്നാല്‍, ഇവര്‍ പള്ളിയില്‍ ചെന്നിട്ടില്ലെന്നു പോലീസ്‌ സ്‌ഥിരീകരിച്ചു.
സംഭവം നടന്ന സമയത്തെ ടെലിഫോണ്‍ രേഖകളുള്‍പ്പെടെ പോലീസ്‌ പരിശോധിച്ചുവരുന്നു. മുമ്പും ഇതുസംബന്ധിച്ച്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നെങ്കിലും പോലീസ്‌ ഉന്നതര്‍ ഗൗരവമായെടുത്തില്ല. “മംഗളം” വാര്‍ത്തയേത്തുടര്‍ന്ന്‌ എന്‍.ഐ.എ. ഇടപെട്ടതോടെയാണു പോലീസ്‌ നീക്കം ദ്രുതഗതിയിലായത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. സമീപപ്രദേശങ്ങളിലെ സി.സി. ടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുന്നു.

Related Articles

Latest Articles